തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് നിലപാടെടുത്ത് സിപിഐ. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇ ഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ലെന്ന സൂചനയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ടി വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി സെന്ററിന്റെ അഡ്രസ് നല്‍കി എന്നത് വ്യക്തമാണല്ലോയെന്നും നേതാക്കള്‍ പറയുന്നു. ഇഡിയെ കണ്ണടച്ച് വിശ്വസിക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചാല്‍ ‘അന്വേഷണം നടക്കുകയല്ലേ’ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ധാരണ. നേരത്തെ, വീണയുടെ വിഷയത്തിൽ സമാന നിലപാട് സിപിഐ എടുത്തിരുന്നു.
കേസ് പിണറായിയിലേക്കും റിയാസിലേക്കും നീണ്ടപ്പോൾ സിപിഐ നിലപാട് മാറ്റി പിന്തുണയ്ക്കും എന്ന് കരുതിയിരുന്നെങ്കിലും അങ്ങനെ സംഭവിക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.



