കോഴിക്കോട്: മുൻ മന്ത്രി എം.കെ. മുനീറിന് മൂന്ന് മാസമായി എംഎൽഎ പെൻഷൻ ലഭിക്കുന്നില്ല. എജീസ് ഓഫീസിൽ നിന്ന് ട്രഷറിയിലേക്ക് നൽകിയ കത്തിലെ പേരിലുണ്ടായ പിഴവാണ് പെൻഷൻ കുടിശ്ശികയാകാൻ കാരണമെന്നാണ് വിവരം. എം.കെ. മുനീറിന്റെ പേരിന് പകരം കത്തിൽ കെ. ബാബു എന്ന് രേഖപ്പെടുത്തിയതാണ് പ്രശ്നമായത്.
എജീസ് ഓഫീസിൽ നിന്ന് പിന്നീട് തിരുത്തിയ കത്ത് നൽകിയെങ്കിലും മുനീറിന് ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. വിഷയത്തിൽ നടപടികൾ വൈകുന്നതിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.
അതേസമയം, ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിലും എം.കെ. മുനീർ കടുത്ത അതൃപ്തിയിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത കോഴിക്കോട് യൂത്ത് ലീഗ് സമാപന സമ്മേളനത്തിൽ നിന്ന് മുനീർ വിട്ടുനിന്നു. കോഴിക്കോട് ഉണ്ടായിരുന്നിട്ടും അദ്ദേഹം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെന്നാണ് വിവരം. മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് കാബിനറ്റ് പദവി സംബന്ധിച്ച് ധാരണയായത്. തീരുമാനം വൈകുന്നതിൽ മുനീറിന്റെ അതൃപ്തി ശക്തമാകുന്നതായാണ് സൂചന.



