തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ. 36 ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പുതിയ നിയമനങ്ങളും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി. പ്രധാന വകുപ്പുകളിലും ജില്ലാ ഭരണതലത്തിലും മാറ്റങ്ങളുണ്ട്.
ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ വനം-വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസിനെ സ്പെഷ്യൽ കമ്മീഷണർ, ജിഎസ്ടിയായി മാറ്റി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ.
അരുൺ കെ വിജയൻ ഐഎഎസിനെ പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. നിലവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽ കുമാർ സിങ് ഐഎഎസിന് വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടറുടെ ചുമതല നൽകി.
കെ. ഇമ്പശേഖർ ഐഎഎസാണ് പുതിയ സംസ്ഥാന ലോട്ടറീസ് ഡയറക്ടർ. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷ് ഐഎഎസിനെ കാസർഗോഡ് ജില്ലാ കളക്ടറായി നിയമിച്ചു. അനു എസ് നായർ ഐഎഎസാണ് പുതിയ ഭക്ഷ്യസുരക്ഷാ കമ്മീഷണർ.
ഡോ. ബിനു ഫ്രാൻസിസ് ഐഎഎസിനെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോ. ഹരികുമാർ കെ. ഐഎഎസിന് സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് കമ്മീഷണറുടെ ചുമതല നൽകി.
ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ പുതിയ എക്സ്കാഡർ തസ്തികയും സർക്കാർ സൃഷ്ടിച്ചു. ദിലീപ് കെ. കൈന്നിക്കര ഐഎഎസിനെയാണ് ഈ തസ്തികയിൽ നിയമിച്ചത്.
ആകെ 36 ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങളും പുതിയ നിയമനങ്ങളുമാണ് സർക്കാർ ഉത്തരവിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.



