തിരുവനന്തപുരം: എൽ നിനോ പ്രതിഭാസം കടലിലെ മത്സ്യസമ്പത്തിൽ കുറവുണ്ടാക്കാൻ ഇടയാക്കുമെന്ന് ഐഎസ്ആർഒ. ഐഎസ്ആർഒ വിക്ഷേപിച്ച ഓഷ്യൻസാറ്റ്-3 ഉപഗ്രഹത്തിൽനിന്നുള്ള നിരീക്ഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എൽ നിനോയുടെ ഭാഗമായി കടലിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളർച്ച കുറഞ്ഞതാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാനുള്ള പ്രധാന കാരണം. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ.
ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രഭാഗത്ത് സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. സമുദ്രത്തിലെ അധിക താപവർധന അന്തരീക്ഷത്തിലെ കാറ്റിന്റെയും സമുദ്രജല പ്രവാഹങ്ങളുടെയും രീതിയിൽ മാറ്റമുണ്ടാക്കുകയും ആഗോള കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യും. ഉഷ്ണതരംഗങ്ങൾ, ഉയർന്ന താപനില, മഴക്കുറവ് തുടങ്ങിയ തീവ്ര കാലാവസ്ഥാ സാഹചര്യങ്ങളുമായും എൽ നിനോയ്ക്ക് ബന്ധമുണ്ട്.
2026 ജൂണിൽ നടത്തിയ നിരീക്ഷണങ്ങളിൽ സമുദ്രോപരിതലത്തിലെ ക്ലോറോഫിൽ-എയുടെ അളവിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തിയതായി ഐഎസ്ആർഒ അറിയിച്ചു. എൽ നിനോ വർഷമായതിനാൽ സമുദ്രോപരിതല കാറ്റിന്റെ ദിശ കിഴക്കൻ കാറ്റിൽനിന്ന് പടിഞ്ഞാറൻ കാറ്റിലേക്ക് മാറുന്നതിനൊപ്പമാണ് ഈ കുറവും ഉണ്ടായത്.
കാറ്റിന്റെ ശക്തി കുറയുകയും ദിശ മാറുകയും ചെയ്തതും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ക്ലോറോഫിൽ സാന്നിധ്യമുള്ള മേഖല പടിഞ്ഞാറോട്ട് വ്യാപിക്കുന്നത് കുറഞ്ഞതും ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളർച്ചയെ ബാധിച്ചു. സമുദ്രത്തിലെ ഉൽപാദനക്ഷമത കുറയുന്നത് സമുദ്രജീവികൾക്കുള്ള ഭക്ഷണലഭ്യതയെയും ബാധിക്കും. ഇത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിനും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.
എൽ നിനോ സമയത്ത് ഭൂമധ്യരേഖാ മേഖലയിലെ ട്രേഡ് വിൻഡുകളുടെ ശക്തി കുറയുകയും സമുദ്രോപരിതല താപനിലയിൽ വലിയ വ്യതിയാനമുണ്ടാകുകയും ചെയ്യും. ഫൈറ്റോപ്ലാങ്ക്ടണുകൾക്ക് ആവശ്യമായ പോഷകസമൃദ്ധവും തണുത്തതുമായ ജലം ആഴക്കടലിൽനിന്ന് ഉപരിതലത്തിലേക്ക് ഉയർന്നുവരുന്നത് ഇതോടെ തടസ്സപ്പെടും. ഇതിന്റെ ഫലമായി ക്ലോറോഫിൽ-എയുടെ അളവ് കുറയുകയും സമുദ്രത്തിലെ ഉൽപാദനക്ഷമതയിൽ ഇടിവുണ്ടാകുകയും ചെയ്യും.
ഈ വർഷം സെപ്റ്റംബർ മുതൽ നവംബർ വരെ അതിശക്തമായ എൽ നിനോ രൂപപ്പെടാനും 2027 ഫെബ്രുവരി വരെ തുടരാനും സാധ്യതയുണ്ടെന്ന ആഗോള കാലാവസ്ഥാ ഏജൻസികളുടെ മുന്നറിയിപ്പും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പസഫിക് സമുദ്രത്തിലെ ക്ലോറോഫിൽ കുറഞ്ഞ മേഖല വരും മാസങ്ങളിൽ കൂടുതൽ വ്യാപകമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎസ്ആർഒ മുന്നറിയിപ്പ് നൽകുന്നു.
മത്സ്യസമ്പത്തിലുണ്ടാകാനിടയുള്ള കുറവിൽ തീരദേശ മേഖലയും ആശങ്കയിലാണ്. മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നഷ്ടപ്പെടുന്ന തൊഴിൽദിനങ്ങൾക്ക് ഉൾപ്പെടെ സർക്കാർ ധനസഹായം നൽകണമെന്ന ആവശ്യം കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുന്നോട്ടുവച്ചു.
നഷ്ടപ്പെട്ട തൊഴിൽദിനങ്ങളുടെ വേതനം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ധനസഹായം സംബന്ധിച്ച കൃത്യമായ വിവരം അധികൃതർ വ്യക്തമാക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന പ്രതിസന്ധിയിൽ സർക്കാർ എത്രത്തോളം സഹായം നൽകുമെന്നതിലും വ്യക്തതയില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.


