കൊല്ലം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം നൽകാമെന്ന സർക്കാർ തീരുമാനം പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങാത്തത് ബസ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. സർക്കാർ തീരുമാനം പ്രതീക്ഷിച്ച് വെള്ള നിറം മാറ്റിയ ബസുകൾക്ക് നിലവിൽ നിരത്തിലിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത വെള്ള നിറം ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടായത്. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിൽ നിരവധി ഉടമകൾ ഇതിനോടകം ബസുകളുടെ നിറം മാറ്റിയിരുന്നു. എന്നാൽ ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതിനാൽ ഈ വാഹനങ്ങൾ റോഡിലിറക്കിയാൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്നാണ് ഉടമകളുടെ ആശങ്ക.
പുതുതായി നിർമ്മിച്ച ടൂറിസ്റ്റ് ബസുകളാണ് മറ്റൊരു പ്രതിസന്ധിയിലുള്ളത്. ബെംഗളൂരുവിൽനിന്ന് 160-ലധികം പുതിയ ബസുകൾ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണ് ഉടമകൾ പറയുന്നത്. വെള്ള നിറം ഒഴിവാക്കി നിർമ്മിച്ച ഈ ബസുകൾക്കും നിലവിൽ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയാണ്.
മൂന്ന് മാസത്തോളമായി ബസുകൾ ഉപയോഗിക്കാനാകാതെ കിടക്കുകയാണെന്നും പല വാഹനങ്ങൾക്കും 50 ലക്ഷം രൂപയ്ക്ക് മുകളിൽ ഫിനാൻസ് ബാധ്യതയുണ്ടെന്നും ഉടമകൾ പറയുന്നു. കടമെടുത്ത തുക ഉപയോഗിച്ച് ഫിനാൻസ് തിരിച്ചടയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയതായും ബസ് ഉടമകൾ അറിയിച്ചു.
അതേസമയം, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് അന്തിമഘട്ടത്തിലാണെന്ന് ഗതാഗതമന്ത്രി സി. പി. ജോൺ വ്യക്തമാക്കി. ഉടമകൾക്ക് ഇഷ്ടമുള്ള നിറം നൽകുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും ഉടൻ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.
നിറം മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ ചില നിയമപരമായ തടസങ്ങൾ ഉണ്ടായിരുന്നുവെന്നും ഹൈക്കോടതി നിർദേശങ്ങൾ മറികടക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചുകൊണ്ട് ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാൻ അനുവദിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നായിരുന്നു സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ടമുള്ള നിറം അനുവദിക്കുന്നതിനുള്ള തീരുമാനം സർക്കാർ പരിഗണിച്ചത്.
2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം നിർബന്ധമാക്കിയത്. അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചിരുന്നു.




