കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. ചികിത്സാപിഴവ് ആരോപിച്ച് ബി.എൻ.എസ് 125(എ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ മെഡിക്കൽ കോളേജിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ ബാലാവകാശ കമ്മീഷനും വനിതാ-ശിശു വികസന വകുപ്പും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ചെയർമാനായ സമിതിയാണ് അന്വേഷണം നടത്തിയത്.
എന്നാൽ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ ആരോപണം. ആരോപണത്തിൽ മാതാപിതാക്കൾ ഉറച്ചുനിൽക്കുകയാണ്.
കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും ഇളയ മകൾ അദ്വികയുടെ ശരീരത്തിൽ നിന്നാണ് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയത്. 2025 ജൂൺ 25നാണ് അഞ്ജു കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ച് രണ്ടാം ദിവസം പനിയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ സൂചി എങ്ങനെ എത്തിയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


