കൊല്ലം: കാണാതായ യുവാവിന്റെ മൃതദേഹം അഷ്ടമുടിക്കായലിൽ കണ്ടെത്തി. ശക്തികുളങ്ങര കന്നിമേൽച്ചേരി വിഷ്ണുഭവനിൽ ജഗദീശൻ–രമണി ദമ്പതികളുടെ മകൻ വിഷ്ണു (27) ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു.
തിങ്കളാഴ്ച രാവിലെ 8.30ഓടെ അഞ്ചാലുംമൂട് പ്രാക്കുളം ഫ്രണ്ട്സ് ക്ലബ്ബിന് സമീപം കാക്കത്തോടത്ത് കായൽവാരത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് വിഷ്ണു വീട്ടിൽനിന്ന് പുറത്തുപോയത്. പിന്നീട് കാണാതാവുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
സുഹൃത്തുക്കളുടെ വീടുകളിൽ ഇടയ്ക്കിടെ താമസിക്കാറുള്ളതിനാൽ വിഷ്ണുവിനെ കാണാതായതിൽ വീട്ടുകാർ ആദ്യം കാര്യമായി അന്വേഷിച്ചിരുന്നില്ല. പൊലീസ് വീട്ടിലെത്തി മരണവിവരം അറിയിച്ചതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. അഞ്ചാലുംമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ജിഷ്ണുവാണ് വിഷ്ണുവിന്റെ സഹോദരൻ.


