ആലപ്പുഴ: ബാറിന് മുന്നിൽ കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനം തട്ടിയത് ചോദ്യം ചെയ്ത യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊലക്കേസ് പ്രതിയടക്കം ഹരിപ്പാട് സ്വദേശികളായ മഹേഷ് (39), സുമേഷ് (30), വിനായക് (30) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണ്.
കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിയായ ആദിത്യൻ മനോജ് (27) ആണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മൂക്കിന്റെ പാലത്തിനും ഇടത് ചെവിയുടെ ഭാഗത്തെ എല്ലിനും പൊട്ടലുണ്ട്. ആദിത്യന്റെ സഹോദരനും സുഹൃത്തുക്കൾക്കും മർദനമേറ്റു.
ഞായറാഴ്ച രാത്രി പത്തരയോടെ നാരകത്തറ ജീനാ ബാറിന് മുന്നിലായിരുന്നു സംഭവം. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ആദിത്യനും സംഘവും ബാറിലെ മുറിയിൽ താമസിക്കുകയായിരുന്നു.
മഹേഷും കൂട്ടാളിയും സഞ്ചരിച്ച കാർ ബാറിന് മുന്നിൽ പിന്നോട്ടെടുക്കുന്നതിനിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ യുവാക്കളെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പിന്നാലെ സ്കൂട്ടറിലെത്തിയ മറ്റ് രണ്ട് പേരും സംഘത്തോടൊപ്പം ചേർന്നു.
അതിനിടെ മഹേഷ് ഹെൽമറ്റ് ഉപയോഗിച്ച് ആദിത്യന്റെ തല ലക്ഷ്യമാക്കി അടിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ ചെവിയുടെ ഭാഗത്താണ് അടിയേറ്റത്. തലയ്ക്ക് നേരിട്ട് അടിയേറ്റിരുന്നെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അക്രമത്തിന് പിന്നാലെ കമ്പിവടിയുമായി യുവാക്കൾ താമസിച്ചിരുന്ന മുറിയിലെത്തിയ സംഘം വധഭീഷണി മുഴക്കുകയും കാറിന്റെ ഡിക്കി തകർക്കുകയും ചെയ്തു. പരാതി നൽകാതിരിക്കാൻ ചികിത്സ തേടിയ ആശുപത്രിയിലും പ്രതികൾ ഭീഷണിയുമായി എത്തിയതായി പൊലീസ് പറഞ്ഞു.
തുടർന്ന് യുവാക്കളെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് മണ്ണാറശാല ഭാഗത്തെ കാട്ടിൽ ഒളിച്ചിരുന്ന പ്രതികളെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
കൊലപാതകക്കേസിന് പുറമെ കഴിഞ്ഞ വർഷം ഒരാളുടെ കൈവെട്ടിയ കേസിലും ഒന്നാം പ്രതിയായ മഹേഷ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വധശ്രമക്കേസിൽ പിടിയിലാകുന്നത്. ഹരിപ്പാട് സിഐ ബി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




