ഒറ്റയിരിപ്പിൽ ഒരു പാക്കറ്റ് ചിപ്സെല്ലാം കഴിച്ചു തീർക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോ, ഭാവിയിൽ അത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ഇല്ലാതാക്കുമെന്ന് വിശദീകരിക്കുകയാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാല ഗവേഷകർ സമീപകാലത്ത് നടത്തിയ പഠനം. റെഡി-ടു-ഈറ്റ് വിഭവങ്ങളടക്കമുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (UPF) നമ്മുടെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കാമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാവസായിക പ്രക്രിയകളിലൂടെ അമിതമായി സംസ്കരിച്ച്, പോഷകഗുണം കുറഞ്ഞതും കൃത്രിമ ചേരുവകൾ (പ്രസർവേറ്റീവുകൾ, നിറങ്ങൾ, രുചിവർധിനികൾ) അടങ്ങിയതുമായ ഭക്ഷണങ്ങളാണ് അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്. പാക്കറ്റിലാക്കിയ സ്നാക്സ്, മധുരപാനീയങ്ങൾ, സോഡകൾ, റെഡി-ടു-ഈറ്റ് മീലുകൾ, ഫാസ്റ്റ് ഫുഡ് എന്നിവയൊക്കെ അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിൽ പെടുന്നതാണ്. 2,100 പേർ പങ്കെടുത്ത പഠനത്തിൽ കോഗ്നിറ്റീവ് പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ ഭക്ഷണരീതിയും നിരീക്ഷിച്ചു.
പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും തീരുമാനമെടുക്കുന്നതിലെ വേഗത, ദൈനംദിന ജോലികൾ എന്നിവയെ ഗവേഷകർ വിലയിരുത്തി. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഡയറ്റിന്റെ പ്രധാനഭാഗമായിരുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു കുറയുന്നതായി ഗവേഷകർ നിരീക്ഷിച്ചു. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം 10 ശതമാനം (ഏകദേശം ഒരു ദിവസം ഒരു പാക്കറ്റ് ചിപ്സ് ) കൂടുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
അൾട്രാ പ്രോസസ്ഡ് ഭക്ഷണത്തിന്റെ ഷെൽഫ് ലൈഫ് വർധിപ്പിക്കുന്നതിന് ചേർക്കുന്ന അഡിറ്റീവുകള്‍, എമല്‍സിഫയറുകള്‍, മറ്റ് വ്യാവസായിക ചേരുവകള്‍ ഭക്ഷണത്തിന്റെ രുചിയും ഘടനയും തന്നെ മാറ്റാം. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.


