കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരന്റെ പിതാവും ജില്ലാ ജഡ്ജിയുമായ വ്യക്തിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യാപേക്ഷയിൽ സർക്കാർ സമർപ്പിച്ച വിശദമായ മറുപടി സത്യവാങ്മൂലത്തിനെതിരെ കോടതി പരിഹാസവും ഉന്നയിച്ചു. 16 പേജുള്ള മറുപടിയാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. എല്ലാ ജാമ്യാപേക്ഷകളിലും ഇത്രയും വിശദമായ മറുപടി നൽകുമോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
എന്തിനാണ് 16 പേജുള്ള മറുപടിയെന്നും ഈ കേസിന് എന്താണ് പ്രത്യേകതയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാരിന് കേസിൽ ഇത്രയും താൽപര്യമുണ്ടാകാൻ കാരണമെന്താണെന്നും സാമൂഹിക മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സമ്മർദമാണോ ഇതിന് പിന്നിലെന്നും കോടതി ആരാഞ്ഞു. ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാനാണോ സർക്കാരിന്റെ നീക്കമെന്നും കോടതി ചോദിച്ചു.
ജില്ലാ ജഡ്ജിയെ ജയിലിലടച്ച് ചോദ്യം ചെയ്യണമെന്നാണോ സർക്കാർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണോ നിലപാടെന്നും ഹൈക്കോടതി ആരാഞ്ഞു. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും എന്നാൽ ഈ കേസിൽ അത്തരമൊരു ചോദ്യം ചെയ്യൽ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജില്ലാ ജഡ്ജി ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യം അനുവദിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ജില്ലാ ജഡ്ജി ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, കേസിൽ സുഗമമായ അന്വേഷണം ഉറപ്പാക്കാൻ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു സർക്കാരിന്റെ വാദം.
ഒക്ടോബർ 25-ന് പുലർച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ 17-കാരനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി.
ആഭ്യന്തരമന്ത്രിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെയാണ് പോലീസ് നടപടികൾ ശക്തമാക്കിയത്. തുടർന്ന് രാത്രി വൈകി 17-കാരനെതിരെ നരഹത്യാക്കുറ്റം ചുമത്തുകയായിരുന്നു.


