കൊച്ചി: യുവഡോക്ടറെ ക്രൂരമായി ആക്രമിച്ച കേസിൽ സിനിമാ താരങ്ങൾ അറസ്റ്റിൽ. നടി അതുല്യ ചന്ദ്ര, നടൻ ബിബിൻ പെരുമ്പള്ളി എന്നിവരക്കം മൂന്നു പേരാണ് അറസ്റ്റിലായത്. കേസിൽ 12 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. നവംബർ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. ബിബിൻ പെരുമ്പള്ളി ഒന്നാംപ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമായാണ് കേസ്.
അതുല്യ ചന്ദ്രയും ബിബിൻ പെരുമ്പള്ളിയും ഉൾപ്പെടെയുള്ള 12 പേർ ചേർന്ന് ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലേക്കു വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. അതുല്യ ചന്ദ്രയുടെ ബന്ധുവിനു സുഖമില്ലെന്നു പറഞ്ഞാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തെന്നാണു പരാതി.
അതുല്യയെ നേരത്തെ പരിചയമുണ്ടെന്നും അതേത്തുടർന്നാണ് അപ്പാർട്മെന്റിലേക്ക് പോയതെന്നും ഡോക്ടർ പരാതിയിൽ പറയുന്നു. രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം എന്നാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്.


