കണ്ണൂരിലെ തലമുതിർന്ന നേതാവ് പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ കേവലമൊരു സംഘടനാ പുനഃസംഘടനയായി കാണാനാകില്ല. ഇത് കൃത്യമായൊരു രാഷ്ട്രീയ ‘കംബാക്ക്’ തന്നെയാണ്. കോഴിക്കോട്ട് ചേർന്ന ത്രിദിന വിപുലീകൃത സംസ്ഥാന കമ്മിറ്റിയാണ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജോൺ ബ്രിട്ടാസ് എന്നിവരെ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തിയത്. പാർട്ടിയിൽനിന്ന് പാർശ്വവൽക്കരിക്കപ്പെട്ടുവെന്ന നിരീക്ഷണങ്ങൾ നിലനിൽക്കെ, താഴേത്തട്ടിലെ അണികൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വീണ്ടും തിരിച്ചറിഞ്ഞാണ് സംസ്ഥാന നേതൃത്വത്തിന്റെ ഈ സുപ്രധാന തീരുമാനം.
ഒരുകാലത്ത് കണ്ണൂരിലെ സി.പി.എമ്മിന്റെ ഏറ്റവും ജനകീയ മുഖങ്ങളിലൊന്നായിരുന്ന ജയരാജന്‍ പിന്നീട് സംഘടനാ പദവികളില്‍ നിന്ന് അകറ്റി നിർത്തിയിടത്ത് നിന്നാണ് ഇപ്പോഴത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. കണ്ണൂരിലെ പാർട്ടിയുടെ അനിഷേധ്യനായ നേതാക്കളിലൊരാളാണ് ജയരാജൻ എന്നത് തർക്കമില്ലാത്ത സംഗതിയാണ്.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിന്റെ നിർണായക കേന്ദ്രങ്ങളിലേക്ക് വളർന്നുവന്ന നേതാവാണ് പി. ജയരാജൻ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനം പലപ്പോഴും സാധാരണ സംഘടനാ നേതാവിന്റെ പരിധിക്കപ്പുറത്തായിരുന്നു. ‘കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാവ്’ എന്ന വരികളോടെ ആരാധകര്‍ പാട്ടുകളും സിഡികളും പുറത്തിറക്കിയതും ‘പി.ജെ. ആർമി’ പോലെയുള്ള സൈബർ കൂട്ടായ്മകളും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തെളിയിക്കുന്നതായിരുന്നു. എന്നാൽ, ഇതേ ജനപ്രീതി തന്നെയാണ് അദ്ദേഹത്തിന് രാഷ്ട്രീയ തിരിച്ചടിയായതും. വ്യക്തിപൂജാ വിവാദങ്ങൾ ഉയർന്നതോടെ പാർട്ടിയിലെ അദ്ദേഹത്തിന്റെ സ്വാധീനത്തിന് അതിരുകൾ വീണു. പിന്നീട് ഖാദി ബോർഡ് ചെയർമാൻ പദവിയിലും സംസ്ഥാന കമ്മിറ്റി അംഗത്വത്തിലും മാത്രമായി അദ്ദേഹത്തിന്റെ സംഘടനാ റോൾ ചുരുങ്ങി.
ഒരുകാലത്ത് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പി. ജയരാജന്‍ തുടങ്ങിയ നേതാക്കളുടെ സ്വാധീനത്തില്‍ മുന്നോട്ട് പോയിരുന്ന കണ്ണൂരിലെ സിപിഎമ്മിന്റെ സംഘടനാ രാഷ്ട്രീയം, പിന്നീട് ആ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങൾക്ക് വിധേയമായി. പിണറായി വിജയനും പി. ജയരാജനും തമ്മിലുള്ള ബന്ധത്തിലും കാലക്രമത്തില്‍ വിള്ളലുണ്ടായെന്ന് കരുതുന്നവരുമേറെ.
2010 മുതൽ 2019 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ജയരാജൻ, വടകരയിൽ ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് സ്ഥാനം ഒഴിഞ്ഞത്. തിരഞ്ഞെടുപ്പിൽ കെ. മുരളീധരനോട് പരാജയപ്പെട്ടെങ്കിലും അദ്ദേഹം ജില്ലാ സെക്രട്ടറി പദവിയിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്നുള്ള ഏഴു വർഷത്തോളം പാർട്ടിയിൽ മറ്റ് നിർണായക ചുമതലകളൊന്നും ലഭിച്ചതുമില്ല. കഴിഞ്ഞ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലും 75 വയസ്സ് എന്ന പ്രായപരിധി ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിരുന്നില്ല. 72-ാം വയസ്സിൽ സെക്രട്ടേറിയറ്റിൽ എത്താത്തതിനാൽ ഇനി തിരിച്ചുവരവ് അസാധ്യമെന്ന് കരുതപ്പെട്ടിടത്തുനിന്നാണ് ഇപ്പോൾ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഈ അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.
ആർ.എസ്.എസ്. ആക്രമണത്തിൽനിന്ന് ജീവൻ തിരിച്ചുകിട്ടിയ, ഒരു കൈയുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും പോരാട്ടം തുടർന്ന ജയരാജന് അണികൾക്കിടയിൽ ‘ജീവിക്കുന്ന രക്തസാക്ഷി’യുടെ പ്രതീകാത്മക പരിവേഷമുണ്ട്. എതിരാളികളുടെ വൻ വിമർശനങ്ങൾക്കിടയിലും അണികൾക്കിടയിലെ അദ്ദേഹത്തിന്റെ സ്വീകാര്യത മങ്ങാതെ നിന്നു. എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ ശേഷവും ജയരാജൻ കൂടുതൽ അകറ്റപ്പെട്ടു എന്ന വിമർശനം ഉയർന്നിരുന്നെങ്കിലും പാർട്ടി അത് ഔദ്യോഗികമായി തള്ളിക്കളഞ്ഞിരുന്നു. എന്നാൽ, അടുത്തിടെ ജയരാജൻ എഴുതിയ ‘പോളിറ്റിക്കൽ ഇസ്ലാം’ എന്ന പുസ്തകം പിണറായി വിജയൻ പ്രകാശനം ചെയ്തത് ഇരു നേതാക്കളും തമ്മിലുള്ള വിടവ് നികരുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു.
എതിരാളികള്‍ പലപ്പോഴും കടുത്ത വിശേഷണങ്ങള്‍ ഉപയോഗിച്ച് അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി അണികള്‍ക്കിടയിലെ സ്വീകാര്യതയ്ക്ക് വലിയ ഇടിവുണ്ടായില്ലെന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയിലെ ശ്രദ്ധേയമായ വശം. എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിനു പിന്നാലെ പി. ജയരാജന്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളിലെ ചില വിഭാഗങ്ങളില്‍ ഉയര്‍ന്നിരുന്നു.
സംസ്ഥാനത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷം സിപിഎമ്മിൽ തിരുത്തൽ നടപടികളും സംഘടനാ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. അണികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ജനകീയ അടിത്തറ ഉറപ്പിക്കാനും ജയരാജനെപ്പോലൊരു നേതാവിന്റെ സാന്നിധ്യം ആവശ്യമാണെന്ന തിരിച്ചറിവാണ് പാർട്ടിക്കുള്ളത്. പാര്‍ട്ടിയെ അടിത്തട്ടില്‍നിന്ന് തിരുത്തേണ്ടതുണ്ടെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണെന്നും അതിന് ജനകീയ സ്വീകാര്യതയുള്ള നേതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കണമെന്ന ആവശ്യവും ഉയരുന്നുവെന്നുമാണ് പാര്‍ട്ടി രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പി. ജയരാജന്‍ നടത്തിയ ചില പരാമര്‍ശങ്ങളും ശ്രദ്ധ നേടിയിരുന്നു.
1972-ൽ പാർട്ടി അംഗമായ ജയരാജൻ, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി, നിയമസഭാംഗം എന്നീ നിലകളിൽ ദീർഘകാലത്തെ അനുഭവ സമ്പത്തുള്ള നേതാവാണ്. ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതോടെ പി. ജയരാജന് മുന്നില്‍ വലിയ സംഘടനാ ഉത്തരവാദിത്തമാണ് വന്നിരിക്കുന്നത്. വ്യക്തിപരമായ തിരിച്ചുവരവിനപ്പുറം പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ അദ്ദേഹത്തിന് എന്ത് പങ്കാണ് നല്‍കുക എന്നതാണ് ഇനി പ്രധാനം. കണ്ണൂരിലെ സംഘടനാ അടിത്തറയില്‍ ശക്തമായ സ്വാധീനമുള്ള നേതാവെന്ന നിലയില്‍ ജയരാജന്റെ അഭിപ്രായങ്ങള്‍ക്ക് സംസ്ഥാന നേതൃത്വത്തില്‍ ഇനി കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ലഭിക്കും. തങ്ങളുടെ പാർട്ടിയിതാ തിരിച്ചു വരുന്നു എന്ന പ്രതീതി അണികളിലുണ്ടാക്കാൻ CPMന് കഴിയുമോ എന്നതും പ്രധാനമാണ്.












