ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. യുപിഐ വഴി 2,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്ക് പരമാവധി 0.4 ശതമാനം വരെ എംഡിആർ ഫീസ് ഈടാക്കാനാണ് തീരുമാനം.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. 2,000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ലെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നടപടി.
പുതിയ ഉത്തരവ് പ്രകാരം വ്യക്തികൾ തമ്മിലുള്ള സാധാരണ യുപിഐ ഇടപാടുകൾക്ക് ഫീസ് ഉണ്ടാകില്ല. വ്യാപാരികളിൽ നിന്നാണ് എംഡിആർ ഈടാക്കുക. അതിനാൽ സാധാരണ ഉപയോക്താക്കൾക്ക് യുപിഐ സേവനം സൗജന്യമായി തന്നെ ഉപയോഗിക്കാനാകും.
2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പരമാവധി 0.4 ശതമാനം വരെ എംഡിആർ ഈടാക്കും. ഒരു ഇടപാടിന് പരമാവധി 300 രൂപയായിരിക്കും ഫീസ്. അതായത്, 75,000 രൂപയോ അതിൽ കൂടുതലോ യുപിഐ വഴി ലഭിച്ചാലും വ്യാപാരി നൽകേണ്ട എംഡിആർ 300 രൂപയിൽ കവിയില്ല.
റെയിൽവേ, ടെലികോം, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപ ഫീസ് ഈടാക്കും. അതേസമയം, റുപേ കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


