കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാടാണ് സംഭവം. കുറുവങ്ങാട് സ്വദേശി അഫ്സീർ (39) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തർക്കത്തിനിടെ അഫ്സീറിന്റെ നെഞ്ചിൽ അനുജൻ കത്രിക കുത്തുകയായിരുന്നുവെന്നാണ് വിവരം.
നെഞ്ചിൽ കത്രിക തറച്ച നിലയിൽ അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


