കോഴിക്കോട്: വിദ്യാർഥികൾ പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും തെറ്റ് അംഗീകരിച്ച് മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം ഒരുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നത് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടാണെന്നും ഇതിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് മന്ത്രിയുടെ പ്രതികരണം. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല. സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലടി തന്റെ മണ്ഡലത്തിലാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് ആദ്യ യോഗം നടന്ന ദിവസം തന്നെ പ്രതിഷേധം സംഘടിപ്പിച്ചവരാണ് വിദ്യാർഥികളെന്നും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയുമാണോ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ചില ക്യാമ്പസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. ശവസംസ്കാര നാടകം നടത്തിയത് സംസ്കാരത്തിന്റെ പ്രശ്നമാണെന്നും അവിടെ നടന്നത് വെറും നാടകമല്ല, വലിയ അക്രമമാണെന്നും റോജി എം. ജോൺ ആരോപിച്ചു.
സർവകലാശാലയിൽ വർഷങ്ങളായി പലതരത്തിലുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും അവ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഡിഗ്രി പാസാകാത്ത എസ്എഫ്ഐ നേതാവിന് സിൻഡിക്കേറ്റ് യോഗം ചേർന്ന് പിജിക്ക് പ്രവേശനം നൽകിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സസ്പെൻഷൻ കാലയളവിലും ചില വിദ്യാർഥികൾ ക്യാമ്പസിലെത്തി മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മഹാരാജാസ് കോളേജിൽ പ്രതിഷേധിച്ചവരിൽ എത്രപേർ ആ ക്യാമ്പസിലെ വിദ്യാർഥികളാണെന്നും ക്യാമ്പസുമായി ബന്ധമില്ലാത്ത എസ്എഫ്ഐ നേതാക്കളടക്കം പ്രതിഷേധത്തിനെത്തിയെന്നും മന്ത്രി ആരോപിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഘ്പരിവാർ രാഷ്ട്രീയവുമായി ഒരുതരത്തിലും സന്ധിയില്ലെന്നും വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തെറ്റ് അംഗീകരിച്ച് തിരിച്ചുവരുന്ന വിദ്യാർഥികളെ പൂർണമായും അംഗീകരിക്കാൻ തയ്യാറാണെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.


