തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി നടത്താനുള്ള സർക്കാരിന്റെ നീക്കം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുപണം കൊള്ളയടിക്കാനുള്ള ഈ നീക്കങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും സർക്കാർ പുറത്തുവിടണമെന്നും പിണറായി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കൃത്യമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ മാനേജ്മെന്റിലൂടെയും പ്രതിസന്ധി പരിഹരിക്കുന്നതിനു പകരം, യാതൊരു നീതീകരണവുമില്ലാത്ത കരാറുകളിൽ ഏർപ്പെട്ട് സംസ്ഥാന ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹിമാചൽ പ്രദേശിലെ പൊതുമേഖലാ സ്ഥാപനം വൈദ്യുതി നൽകാമെന്ന് സമ്മതിച്ചിട്ടും നിശ്ചിത സമയത്ത് മറുപടി നൽകാതെ ഒളിച്ചുകളിച്ച് സ്വകാര്യമേഖലയിലുള്ള കച്ചവടത്തിന് വഴിയൊരുക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കെഎസ്ഇബിയിലെ വഴിവിട്ട നീക്കങ്ങളും ഉന്നത ഉദ്യോഗസ്ഥരുടെ മാറ്റവും വൻ സാമ്പത്തിക അഴിമതിക്ക് വഴിയൊരുക്കാനാണെന്ന ആക്ഷേപം ശക്തമാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ പുകച്ചുചാടിച്ചാണ് സർക്കാർ ഇത്തരം വിവാദ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് എന്നും അദ്ദേഹം ആരോപിക്കുന്നു.


