തിരുവനന്തപുരം: വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ്. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്.
അവധിദിനത്തോടനുബന്ധിച്ച് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് പ്രധാനമായും പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പരിവാഹൻ സൈറ്റ് പ്രവർത്തനരഹിതമായതെന്നാണ് വിവരം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.
അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക പെർമിറ്റ് ഓൺലൈനായി ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി. ചെക്ക് പോസ്റ്റുകളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും യാത്രക്കാരിൽ പ്രായമായവരും കുട്ടികളും ഉൾപ്പെടുന്നതായും അതിർത്തിയിൽ കുടുങ്ങിയവർ പറഞ്ഞു.
പരിവാഹൻ സൈറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് യാത്രക്കാർക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. മുൻപ് ചെക്ക് പോസ്റ്റുകളിൽ നേരിട്ട് എത്തി പെർമിറ്റ് എടുക്കാൻ സാധിച്ചിരുന്നെങ്കിലും സേവനങ്ങൾ പൂർണമായും ഓൺലൈനാക്കിയതോടെ പരിവാഹൻ സൈറ്റിനെ മാത്രമാണ് ആശ്രയിക്കേണ്ട സാഹചര്യം.
പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. പരിവാഹൻ സൈറ്റിന്റെ സേവനം തടസ്സപ്പെടുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ടെക്നോപാർക്ക് കേന്ദ്രീകരിച്ച് കേരളത്തിന് സ്വന്തമായി സെർവറോ മിറർ സെർവറോ ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.












