തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. തൽസമയ വൈദ്യുതി വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുന്നതാണ് പ്രതിസന്ധി കുറയാൻ സഹായിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല.
ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരികെ നൽകുന്നതും അവസാനിക്കും. ഒക്ടോബർ മുതൽ പീക്ക് സമയത്ത് 588 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള കരാർ സാധ്യമാകുന്നതും സംസ്ഥാനത്തിന് ഗുണകരമാകും.
അതേസമയം, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദായതോടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാതിരിക്കുകയും പകരം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരികയും ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതുമൂലം സംസ്ഥാനത്തിന് ഇതുവരെ 12,570 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടായെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
















