മുംബൈ: പുനർജന്മം സംഭവിക്കുമെന്ന പ്രതീക്ഷയിൽ അച്ഛന്റെ മൃതദേഹം നാല് വർഷത്തോളം സൂക്ഷിച്ച സംഭവത്തിൽ അന്വേഷണം. മുംബൈ മലാഡിലാണ് സംഭവം. 78 വയസ്സുള്ളയാളുടെ മൃതദേഹമാണ് പൂട്ടിയിട്ട കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയത്.
ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിഞ്ഞത്. അച്ഛന്റെ മൃതദേഹം സൂക്ഷിക്കാൻ മകനും മകളും ചേർന്ന് സംവിധാനമൊരുക്കിയെന്നാണ് പൊലീസ് പറയുന്നത്. അമേരിക്കയിലുള്ള മകൾ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
മൃതശരീരം ഫ്രീസറിൽ സൂക്ഷിക്കാൻ പ്രതിമാസം ഏകദേശം 1.6 ലക്ഷം രൂപ ചെലവഴിച്ചിരുന്നതായാണ് വിവരം. മരണം സ്വാഭാവികമായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇത്രയും കാലം മൃതദേഹം സൂക്ഷിച്ചതിൽ അസ്വാഭാവികതയുണ്ടെന്നും പൊലീസ് അറിയിച്ചു.




