കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി. വിവിധ വിദ്യാർത്ഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
എസ്എഫ്ഐ, കെഎസ്യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. കേന്ദ്ര സർവകലാശാലയിൽ ഇന്നും നാളെയും നടത്താൻ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാറിനെതിരെയാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിക്കുന്നത്. പരിപാടിയിൽ ആർഎസ്എസ് ആശയങ്ങളുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്നും കാവിവൽക്കരണ അജണ്ട നടപ്പാക്കുകയാണെന്നും സംഘടനകൾ ആരോപിച്ചു.
ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നതാണ് പ്രധാനമായും വിവാദമായത്. ആർഎസ്എസ് ആഭിമുഖ്യമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്ത് പരിപാടിയുടെ സഹസംഘാടകരായതിലും വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം അറിയിച്ചു.




