Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സമരഭൂമിയിൽ ആളിക്കത്തുന്ന പെൺവീര്യം; ആരാണ് ഡൽഹി പൊലീസിന്റെ തലവേദനയായ നേഹാ ബോറയും ഐഷി ഘോഷും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഡൽഹി തെരുവുകൾ കത്തുമ്പോൾ അവിടെ തീജ്വാല പോലെ ജ്വലിച്ച് നിന്ന രണ്ട് സമരനായികമാരുണ്ട്-നേഹാ ബോറയും ഐഷി ഘോഷും. സമരപരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതരായ ഇരുവരും ഡൽഹിയിലെ ഏതൊരു പ്രക്ഷോഭത്തിനും മുൻനിരയിലുണ്ട്. ചടുലനീക്കങ്ങളിലൂടെയും ഉറച്ച നേതൃത്വത്തിലൂടെയും തീപ്പൊരി പ്രസംഗങ്ങളിലൂടെയും ഇവർ ആവേശം കൊള്ളിക്കുന്നു. ജൂലായിലെ ആദ്യ ജന്തർമന്തർ പ്രതിഷേധത്തിലും ശനിയാഴ്ചത്തെ ജന്തർമന്തർ 2.0 പ്രതിഷേധത്തിലും ഇരുവരുടേയും പോരാട്ടവീര്യം ഡൽഹി പൊലീസ് ശരിക്കും കണ്ടതാണ്.

ഐസയുടെ ദേശീയ പ്രസിഡന്റായ ഉത്തരാഖണ്ഡുകാരി നേഹ, ജൂലായിലെ ജന്തർമന്തർ സമരത്തിലൂടെയാണ് ശ്രദ്ധനേടിയത്. അന്ന് വാങ്ചുക്കിനൊപ്പം 23 ദിവസം നിരാഹാരസമരമിരുന്ന നേഹ പിന്നീട് രാജ്യവ്യാപകമായി വിദ്യാർഥി പ്രക്ഷോഭങ്ങളിൽ സജീവമായി. ഗ്യാനേഷിന്റെ രാജിയാവശ്യപ്പെടുന്ന സമരങ്ങൾക്കായി നേഹയുടെ നേതൃത്വത്തിൽ യോഗേന്ദ്രയാദവും അഭിഭാഷകരായ കപിൽ സിബലും പ്രശാന്ത് ഭൂഷണുമടങ്ങുന്നവരുടെ പൗരസമിതിയുണ്ടാക്കി. ശനിയാഴ്ചയും പൗരസമിതിയുടെ പ്രതിഷേധത്തെ നയിച്ച നേഹയെ ദില്ലിഘാട്ടിൽനിന്ന് പോലീസ് ബലപ്രയോഗത്തിൽ കസ്റ്റഡിയിലെടുത്തു.

നീറ്റ് (NEET) പരീക്ഷാ തട്ടിപ്പുകൾക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്ദറിൽ സോനം വാങ്ചുക്കിനൊപ്പം 23 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിൽ പങ്കെടുത്തതോടെയാണ് നേഹാ ദേശീയ ശ്രദ്ധ നേടുന്നത്. വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണം, വർഗീയ അതിക്രമങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ ശക്തമായി ഇടപെടുന്ന ഒരു ജെൻ-സീ പ്രതിഷേധ മുഖമായ നേഹയെ സമരങ്ങളുടെ ഭാഗമായി ഡൽഹി പൊലീസ് പലതവണ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

ഉത്തരാഖണ്ഡിലെ ഖതിമയിൽ നിന്നാണ് നേഹയുടെ വരവ്. സൈനിക ഉദ്യോഗസ്ഥനായിരുന്ന പിതാവിന്റെ സേവനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലാണ് ബാല്യകാലം ചെലവഴിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ. നേടുകയും അംബേദ്കർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് പൂർത്തിയാക്കുകയും ചെയതതിന് ശേഷമാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലേക്ക് എത്തുന്നത്. നിലവിൽ JNUവിലെ സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ഏസ്ട്‌റ്റിക്സിൽ പിഎച്ച്ഡി വിദ്യാർത്ഥിനിയാണ്.

ജെ.എൻ.യു. വിദ്യാർഥിയൂണിയൻ മുൻ പ്രസിഡന്റായ ഐഷി ഘോഷ് എസ്.എഫ്.ഐ.യുടെ ദേശീയ ജോയന്റ് സെക്രട്ടറിയാണ്. കഴിഞ്ഞ ജന്തർമന്തർ സമരത്തിലും നേതൃനിരയിലുണ്ടായിരുന്നു. ഇത്തവണ എസ്.ഐ.ആർ. വിരുദ്ധ സമരങ്ങളിലും വോട്ടവകാശപ്പോരാട്ടങ്ങളിലും മുന്നിലുണ്ട്. ഗ്യാനേഷിന്റെ രാജിക്കായി എസ്.എഫ്.ഐ. ഡൽഹിയിൽ കഴിഞ്ഞയാഴ്ച നടത്തിയ സമരത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്നു. എസ്.എഫ്.ഐ. മാർച്ചിനെ നയിച്ചതും ഐഷിയാണ്. നെയിംപ്ലേറ്റ് ധരിക്കാതെ പിടികൂടാനെത്തിയ പോലീസുകാരിയെ ചോദ്യംചെയ്ത ഐഷിക്ക് പോലീസ് മർദനവുമേറ്റു. റോഡിൽ വലിച്ചിഴയ്ക്കുകയും ചെയ്തു. പോലീസ് ബസിൽ കയറ്റിയപ്പോഴും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഐഷി ആവർത്തിച്ചു.

പൊലീസ് ഷൂട്ട് ചെയ്യുമെങ്കിൽ ചെയ്യട്ടെ… ഞങ്ങൾ ജന്തർ മന്തറിലേക്ക് പോവുകയാണ്. ഞങ്ങൾ ഭീകരവാദികൾ അല്ല. ആയിരത്തോളം വരുന്ന പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുന്നു. നോക്കി നിൽക്കാൻ കഴിയില്ല. ഡൽഹി പൊലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണം, പ്രതിഷേധ മുഖത്ത് നിന്ന് തങ്ങളെ തടയാൻ കഴിയില്ല- ഇതാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തിന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് ഐഷി പറഞ്ഞ വാക്കുകൾ.

അതെ, ഡൽഹി പൊലീസിന്റെ ലാത്തി കാട്ടി പേടിപ്പിക്കാനോ ഭീഷണിപ്പെടുത്തി മുട്ടുകുത്തിക്കാനോ കഴിയുന്ന ഒന്നല്ല ഐഷി ഘോഷ് എന്ന പേര്. 2020-ൽ ജെ.എൻ.യു (JNU) കാമ്പസിലേക്ക് അതിക്രമിച്ചു കയറിയ ക്രിമിനൽ സംഘം ഇരുമ്പ് ദണ്ഡുകൾ കൊണ്ട് തല അടിച്ചുപൊട്ടിച്ചപ്പോഴും, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നപ്പോഴും ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യം ഒരല്പം പോലും തളർന്നില്ലെന്ന് രാജ്യം കണ്ടതാണ്.

​പരിക്കുകൾ പൂർണ്ണമായി മാറുന്നതിന് മുൻപ് തന്നെ പോരാട്ടവീര്യത്തോടെ സമരാങ്കണത്തിലേക്ക് തിരിച്ചെത്തിയ രാഷ്ട്രീയ ബോധമുള്ള ഒരു പോരാളി. ​മകൾ ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ ഐഷിയുടെ അമ്മയോട് മാധ്യമപ്രവർത്തകർ ചോദിച്ചു: “വീട്ടുകാർക്ക് പേടിയില്ലേ? ഇനി സമരത്തിന് പോകേണ്ട എന്ന് പറയില്ലേ?” അന്ന് അമ്മ നൽകിയ മറുപടി ഏതൊരു പോരാളിക്കും ഊർജ്ജം നൽകുന്നതായിരുന്നു:
​”നിന്നെ ആൾ മാറിയാണ് തല്ലിയതെങ്കിൽ എനിക്ക് സങ്കടം തോന്നുമായിരുന്നു. എന്നാൽ നിന്റെ മുഖം തിരിച്ചറിഞ്ഞ്, നിന്നെ അവർ ഭയപ്പെടുന്നത് കൊണ്ടാണ് ആക്രമിച്ചതെന്ന് അറിയുമ്പോൾ… അങ്ങനെയൊരു മകൾക്ക് ജന്മം നൽകിയതിൽ എനിക്ക് അഭിമാനമുണ്ട്!” വർഷങ്ങൾ കഴിഞ്ഞിട്ടും ആ പോരാട്ടവീര്യത്തിന് ഒരു തരിമ്പുപോലും കുറവ് വന്നിട്ടില്ല എന്ന് കഴിഞ്ഞ ദിവസങ്ങളിലും നാം കണ്ടതാണ്.

പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്വദേശിയായ ഐഷി ഘോഷ് ഇപ്പോൾ ജെഎൻയുവിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയാണ്. ജെഎൻയുവിൽ എംഫിലിന്‌ ചേരും മുമ്പ് ദില്ലി സർവകലാശാലയിലെ ദൗലത്ത് റാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദപഠനം പൂർത്തിയാക്കിയിരുന്നു ഐഷി. ജെഎൻയുവിൽ പതിമൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം എസ്എഫ്ഐക്കുണ്ടാകുന്ന ഒരു യൂണിയൻ പ്രസിഡന്റായിരുന്നു ഐഷി. 2021-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജാമുരിയ മണ്ഡലത്തിൽ നിന്ന് സി.പി.ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix