ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ ഡൽഹിയിൽ ഇന്നും സംഘർഷാവസ്ഥ. തെരുവിലിറങ്ങിയ ഇടതുപക്ഷ യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് നീക്കിയത്. എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് സമരത്തിനിടെ പരിക്കേറ്റു. നെറ്റി പൊട്ടിയെന്നാണ് വിവരം. ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിജെപി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനിടെ, ജോൺ ബ്രിട്ടാസ് എം.പിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലം പ്രയോഗിച്ചാണ് ബ്രിട്ടാസിനെ പൊലീസ് വാഹനത്തിൽ കയറ്റിയത്.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നാളെ മുതൽ വീണ്ടും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി നിവേദനം നൽകുന്നതും പരിഗണനയിലുണ്ട്. സിജെപിയുടെ സമരം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. സിജെപിക്കും ഇന്ത്യാ സഖ്യത്തിനുമൊപ്പം പ്രതിഷേധത്തിൽ അണിനിരക്കുമെന്നാണ് സി.പി.എം വ്യക്തമാക്കിയിരിക്കുന്നത്.
ആകാശവാണി ഭവൻ വളപ്പിലെ മിന്നൽ സമരം, ഉച്ചഭക്ഷണ യോഗങ്ങൾക്കു ശേഷമുള്ള ജന്തർ മന്തർ പ്രതിഷേധം, രാജ്ഘട്ടിലെ പ്രാർഥനാ യോഗം, രാഷ്ട്രപതിക്ക് നിവേദനം നൽകൽ എന്നിവയ്ക്കു പിന്നാലെയാണ് ഇന്ത്യാ സഖ്യം സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് യോഗം ചേരാനാണ് തീരുമാനം. തുടർന്ന് സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനാണ് ആലോചന. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നൽകിയതിന് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നേരിൽക്കണ്ട് സമാന ആവശ്യം ഉന്നയിക്കാനും നീക്കമുണ്ട്. ഇതിനുള്ള അനുമതി ലഭിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അനുമതി ലഭിച്ചില്ലെങ്കിലും നഗരത്തെ സ്തംഭിപ്പിച്ചുള്ള പ്രതിഷേധം തുടരുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതൊരു രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പിന്നോട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിൽ പൊതുവേ ഉയർന്നതെങ്കിലും സി.പി.എം, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ ഇന്നലെ സിജെപിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുൻ മുഖ്യമന്ത്രിമാരെ ഉൾപ്പെടെ അണിനിരത്തിയായിരുന്നു പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്. കോൺഗ്രസിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായി സിജെപിക്കും ഇന്ത്യാ സഖ്യത്തിനുമൊപ്പം നിൽക്കുന്ന തന്ത്രപരമായ സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്.
സിജെപി സമരത്തിന് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആ പ്രതിഷേധത്തിന്റെ ഇടം കൂടി ഉപയോഗപ്പെടുത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ ശ്രമം. പ്രതിപക്ഷത്തിന്റെ സമരത്തെ ദുർബലപ്പെടുത്താനാണ് സിജെപിയുടെ പ്രതിഷേധമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതേസമയം, സിജെപിയുടെ പേര് പരാമർശിക്കാതെ രാഹുൽ ഗാന്ധി പരിമിതമായ പിന്തുണ അറിയിച്ചതല്ലാതെ, സമരത്തെ തടയുന്ന സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ശക്തമായ വിമർശനം ഉന്നയിച്ചിട്ടില്ല.


