കോഴിക്കോട്: ഈ വർഷത്തെ വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ കഥകളി ചെണ്ട കലാകാരൻ സദനം വാസുദേവന്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വാഴേങ്കട കുഞ്ചുനായർ സംസ്തുതി സമ്മാൻ സമിതിയും വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് പുരസ്കാരം നൽകുന്നത്. 2027 ജനുവരി 10ന് കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് ഹാളിൽ നടക്കുന്ന ധനു അവിട്ടം പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.
2016ൽ ആരംഭിച്ച സംസ്തുതി സമ്മാനത്തിന് ആദ്യമായാണ് ഒരു ചെണ്ട കലാകാരൻ അർഹനാകുന്നത്. ഇതുവരെ ഒമ്പത് കലാകാരന്മാരെ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. മേളം, തായമ്പക, വിളക്കാചാരം, തിടമ്പുനൃത്തം തുടങ്ങിയ കലാമേഖലകളിൽ പ്രാവീണ്യമുള്ള 81കാരനായ സദനം വാസുദേവൻ നിരവധി ശിഷ്യന്മാരുടെ ഗുരുവാണ്. കലാമണ്ഡലം പല്ലശ്ശന ചന്ദ്ര മണ്ണാടിയാരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.
ഇന്ന് കാണുന്ന കഥകളി മേളത്തിന്റെ രീതി ക്രമപ്പെടുത്തുന്നതിൽ സദനം വാസുദേവൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, കലാമണ്ഡലം കൽപിത സർവകലാശാലയുടെ ഫെല്ലോഷിപ്പ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.



