കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വയനാട് മടക്കിമല സ്വദേശിനി ദേവികയുടെ (21) പോസ്റ്റ്മോർട്ടം ആരംഭിച്ചു.
അപകടത്തിൽ മരിച്ചത് വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ്. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ മിനി കൂപ്പർ കാർ ഇടിക്കുകയായിരുന്നു.
കാർ ഓടിച്ചിരുന്ന 19കാരനായ സുഹൈൽ സജീവിനെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ടെന്നും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനായി രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
കാർ അമിതവേഗത്തിലായിരുന്നുവെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കിൾ ഇൻസ്പെക്ടർ അരുൺ ബി.കെ. പറഞ്ഞു. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാരാണ് പിടികൂടിയത്. രാജഗിരിയിൽ ബികോം വിദ്യാർഥിയാണ് ഇയാൾ. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാർ സുഹൈലിന്റെ പിതാവിന്റെ പേരിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു. വാഹനം നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.



