ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യ തലസ്ഥാനം കത്തുന്നു. എസ്എഫ്ഐയും ഐസയുമടക്കമുള്ള ഇടതുസംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം സമരം ചെയ്തതിന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണെന്ന് പറഞ്ഞ് കേന്ദ്രം യുഎന്നിൻ്റെ ആവശ്യം തള്ളി.
ഒക്ടോബര്‍ പത്തിന് സമരമെന്ന സിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ജന്തര്‍ മന്തറിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തിയത്. സമരത്തിന് മുമ്പ് തന്നെ ഡൽഹിയിലേക്കുള്ള ട്രെയിനുകളും നഗരത്തിലെ മെട്രോകളും അടച്ചിരുന്നു. ഇൻ്റർനെറ്റിനും നിരോധനമുണ്ടായിരുന്നു. ഇന്നലെ ഏറെ വൈകിയാണ് ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചത്. 7,000ൽ അധികം പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ 15000ത്തിനടുത്ത് ആളുകളെ കസ്റ്റഡിയിലെടുത്തെന്നാണ് സിജെപി ആരോപിക്കുന്നത്.
ഐസയുടെ ദേശീയ പ്രസിഡൻ്റ് നേഹ ബോറയെ കസ്റ്റഡിയിലെടുത്തു. ഐസ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സൻസദ് മാർഗിൽ വച്ചായിരുന്നു നേഹ ബോറയെ കസ്റ്റഡിയിലെടുത്തത്. ജോണ്‍ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് ഡല്‍ഹി പൊലീസ്. പ്രതിഷേധക്കാരെ വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് ജോണ്‍ ബ്രിട്ടാസിനെ പൊലീസ് വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റിയത്. ആനി രാജയേയും വലിച്ചിഴച്ചാണ് കൊണ്ടുപോയത്. ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സജിൻ, 24 ന്യൂസ് റിപ്പോർട്ടർ സുഹൈൽ, വീഡിയോ ജേണലിസ്റ്റ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.




