ബെംഗളൂരു: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്ന് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നുവെന്ന് ഖാർഗെ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാലിനും അഞ്ചിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രതിനിധിസംഘം ചീഫ് ജസ്റ്റിസിനോട് പ്രത്യേക നടപടികളൊന്നും ആവശ്യപ്പെടില്ലെന്നും പകരം തങ്ങളുടെ ആശങ്കകൾ പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾക്ക് അദ്ദേഹത്തോട് ഒന്നും ആവശ്യപ്പെടാനാകില്ല. തൊഴുകയ്യോടെ അഭ്യർഥിക്കുകയാകും ചെയ്യുക,” ഖാർഗെ വ്യക്തമാക്കി.
ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അതിന് അധികാരമുണ്ടെന്നും ഖാർഗെ പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വതന്ത്രമായി തീരുമാനമെടുക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.



