തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് ഹോട്ടലിൽ തീപിടിത്തം. അൽഫാം പാകം ചെയ്യുന്ന അടുപ്പിൽനിന്ന് ചിമ്മിനിയിലേക്ക് തീ പടർന്നതാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സംസം ഹോട്ടലിലെ അൽഫാം ഗ്രില്ലിങ് അടുപ്പിൽനിന്ന് ഉയർന്ന തീ ചിമ്മിനിയിലൂടെ മുകളിലേക്ക് പടരുകയായിരുന്നു. അടുക്കളയിലെ ജീവനക്കാർ ബഹളം വെച്ചതോടെ ഹോട്ടലിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. പ്രദേശമാകെ പുക ഉയർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.
വിവരമറിഞ്ഞ ഉടൻ നെടുമങ്ങാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഹോട്ടലിന് മുന്നിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണച്ചതോടെ തീ കൂടുതൽ പടരുന്നത് തടയാനായി. അഗ്നിരക്ഷാസേന സമയബന്ധിതമായി ഇടപെട്ടതിനാൽ വലിയ ദുരന്തം ഒഴിവായെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.




