ന്യൂഡൽഹി: ഡൽഹിയിൽ സിജെപി നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർഥികളെയും സ്ത്രീകളെയും മർദിച്ച സംഭവത്തിൽ തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്റെ നാല് പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 10-ന് ദീൻ ദയാൽ ഉപാധ്യായ മാർഗിൽ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
രാമൻ സെയ്നി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27), രവീന്ദർ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഹിന്ദു രക്ഷാദളിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കമലാ മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പ്രതിഷേധത്തിന്റെ ആദ്യദിനമായ ഒക്ടോബർ 10-ന് വിവിധയിടങ്ങളിൽ ഒത്തുകൂടിയ വിദ്യാർഥികൾക്കുനേരെയാണ് അക്രമമുണ്ടായത്. പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർഥികളെ തള്ളിയിടുകയും മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യൂണിഫോമിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് അക്രമം നടക്കുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വ്യാപകമായ കസ്റ്റഡി നടപടികൾക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അക്രമം നടന്നത് ദീൻ ദയാൽ ഉപാധ്യായ മാർഗിലാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ ആരും നേരിട്ട് പരാതി നൽകിയിരുന്നില്ല. എന്നാൽ, പ്രതികൾ ഡൽഹി-എൻ.സി.ആർ മേഖല വിട്ട് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയും നാലുപേരെയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിദ്യാർഥികൾ മർദിക്കപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ നേതാക്കളും വിദ്യാർഥി-യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസിന്റെ സാന്നിധ്യത്തിൽ ബി.ജെ.പി–ആർ.എസ്.എസ് പ്രവർത്തകർ പെൺകുട്ടികളെ മർദിക്കുകയാണെന്നും സമാധാനപരമായി സമരം ചെയ്യുന്നവരെ സംരക്ഷിക്കുന്നതിന് പകരം അക്രമികൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്നും സിജെപി സമൂഹമാധ്യമമായ എക്സിൽ ആരോപിച്ചു.
ഡൽഹി പൊലീസും ആർ.എസ്.എസ്–ബി.ജെ.പി സംഘവും യുവാക്കൾക്കും സ്ത്രീകൾക്കുമെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആരോപിച്ചു. പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിലൂടെ വിദ്യാർഥികളുടെ രോഷം വർധിക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യൂത്ത് കോൺഗ്രസും എ.ഐ.എസ്.എ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളും ദൃശ്യങ്ങൾ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡൽഹി പൊലീസിനുമെതിരെ വിമർശനം ഉന്നയിച്ചു.




