കൊച്ചി: എറണാകുളം കളമശ്ശേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. ഏലൂർ കുറ്റിക്കാട്ടുകര കരിപ്പായി പറമ്പ് വീട്ടിൽ ജിനു ജോസഫിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ എറണാകുളം സ്വദേശി കിഷോർ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുതുകിൽ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്.
12ന് രാത്രി പത്തുമണിയോടെ കളമശ്ശേരിയിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് ബാറിന്റെ പാർക്കിങ് ഏരിയയിൽവെച്ച് ജിനു ജോസഫ് കിഷോറിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽവെച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സി.ആർ. ബിജു, രാംലാൽ, സിപിഒ കെ.പി. വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ബിനാനിപുരം പൊലീസ് സ്റ്റേഷനിൽ പോക്സോ കേസും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.




