തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷ് (25) ആണ് പിടിയിലായത്. വർക്കല അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാൾ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിനിടെ മുത്താന ഭാഗത്തുനിന്നാണ് ഡാൻസാഫ് സംഘം പ്രിയേഷിനെ പിടികൂടിയത്. ഇയാളിൽനിന്ന് രണ്ട് ഗ്രാം കഞ്ചാവും കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ബൈക്കുകളും പൊലീസ് കണ്ടെത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽനിന്ന് മോഷ്ടിച്ച ബൈക്കുകളാണിവയെന്ന് അന്വേഷണത്തിൽ വ്യക്തമായി. കല്ലമ്പലം പൊലീസിന്റെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണ് പ്രിയേഷ്. ഡാൻസാഫ് സംഘം പ്രതിയെ അയിരൂർ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




