വടകര: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം. കാഫിർ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത തൃശൂർ സ്വദേശിയും സിപിഎം അനുകൂല സൈബർ ഗ്രൂപ്പായ പോരാളി ഷാജിയുടെ അഡ്മിനുമായ വഹാബ്, നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരെയാണ് പ്രതിചേർത്തത്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി മൂന്നുപേരെയും വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ചു. ഇതുസംബന്ധിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി.
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ ജിതിൻ ഭാസ്കരൻ, റിബേഷ് രാമകൃഷ്ൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. ഒന്നാംപ്രതി നിർമിച്ച കാഫിർ സ്ക്രീൻഷോട്ട് റെഡ് എൻകൗണ്ടർ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ പോസ്റ്റുചെയ്തത് റിബേഷാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. പിന്നാലെ അമ്പാടിമുക്ക് സഖാക്കൾ ഉൾപ്പെടെ സിപിഎം അനുകൂല ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു.




