ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധക്കാർക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദൾ. ‘ഔട്ട്ലുക്കി’ന് നൽകിയ അഭിമുഖത്തിലാണ് സംഘടനാ മേധാവി ഭൂപേന്ദ്ര തോമർ എന്ന പിങ്കി ഭയ്യ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്.
കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർ രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്ന് ഭൂപേന്ദ്ര തോമർ പറഞ്ഞു. പൊലീസുകാരെയും നെറ്റിയിൽ തിലകം ചാർത്തിയവരെയും പ്രതിഷേധക്കാർ ആക്രമിച്ച സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. സനാതന ധർമത്തിനും ഹിന്ദുത്വത്തിനുമെതിരെ പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെ പാഠം പഠിപ്പിക്കുമെന്നും ഭൂപേന്ദ്ര തോമർ മുന്നറിയിപ്പ് നൽകി.
പൊലീസ് കൃത്യമായി ജോലി ചെയ്യാത്തതിനാലാണ് ഹിന്ദു രക്ഷാ ദളിന് രംഗത്തിറങ്ങേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ബി.ജെ.പി നേതാക്കൾ സനാതന ധർമത്തിനെതിരെ സംസാരിച്ചാൽ അവരെയും മർദിക്കുമെന്നും ഭൂപേന്ദ്ര തോമർ അവകാശപ്പെട്ടു.
പൊലീസിന് ഭരണഘടനയോടാണ് ഉത്തരവാദിത്തമെന്നും തങ്ങൾ ഭരണഘടനയ്ക്ക് വിധേയരല്ലെന്നും സനാതന ധർമത്തെ മാത്രമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനാംഗങ്ങളുടെ കുടുംബച്ചെലവും കേസുകളുമായി ബന്ധപ്പെട്ട നിയമച്ചെലവും സംഘടന വഹിക്കുമെന്നും ഭൂപേന്ദ്ര തോമർ വ്യക്തമാക്കി.
തനിക്കെതിരെ അൻപതിലധികം കേസുകൾ നിലവിലുണ്ടെങ്കിലും അതിലൊന്നും ഭയമില്ലെന്നും രാജ്യത്തെ സംരക്ഷിക്കാനായി അയ്യായിരം കേസുകൾ വന്നാലും പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. 2020ൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തവും തങ്ങൾക്കാണെന്ന് ഭൂപേന്ദ്ര തോമർ അവകാശപ്പെട്ടു. കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ ചിന്താഗതിക്കാരും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും അവർക്കെതിരായ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




