ന്യൂഡൽഹി: സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതായി സുപ്രീം കോടതിയെ അറിയിക്കാൻ സംസ്ഥാന സർക്കാർ. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കിയെന്നും കേസ് റദ്ദാക്കണമെങ്കിൽ പിണറായി വിജയൻ പുതിയ ഹർജി നൽകണമെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.
സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 12-ന് കേസ് രജിസ്റ്റർ ചെയ്തതായിരിക്കും സുപ്രീം കോടതിയെ സംസ്ഥാനം അറിയിക്കുക.
വിജിലൻസ് രജിസ്റ്റർ ചെയ്ത വിസി6/2026/എസ്‌ഐയു-1, വിസി7/2026/എസ്‌ഐയു-1 എന്നീ കേസുകളുടെ വിശദാംശങ്ങളും സർക്കാർ കോടതിയെ അറിയിക്കും. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പിണറായി വിജയൻ സമർപ്പിച്ച ഹർജിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം.
വിജിലൻസ് കേസിലെ തുടർനടപടികൾ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നാണ് പിണറായി വിജയൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം സംസ്ഥാന സർക്കാർ എതിർക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അത് റദ്ദാക്കാൻ പ്രത്യേക ഹർജി നൽകണമെന്നാണ് സർക്കാരിന്റെ നിലപാട്.
വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്, വാരിസ് എന്നിവർ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നത്. നാലു ഹർജികളിലും ഇ.ഡിയാണ് എതിർകക്ഷി. എന്നാൽ കോടതിയിൽനിന്ന് നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് ഇ.ഡി. ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്ര സർക്കാർ അഭിഭാഷകർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാൽ ഇ.ഡിക്കുവേണ്ടി അവർ കോടതിയിൽ ഹാജരാകുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.




