എറണാകുളം: കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് രാത്രിയിൽ ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ കേസിലെ പ്രതിയെ പറവൂർ പൊലീസ് പിടികൂടി. കൈതാരം കളത്തിപ്പറമ്പിൽ (കാടയിൽ) കെ.എം. വിഷ്ണു (34) ആണ് പുതുച്ചേരിയിൽനിന്ന് പിടിയിലായത്. കഴിഞ്ഞ മാസമാണ് ഇയാൾ കൈതാരം നോർത്ത് ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് ഊരിമാറ്റിയത്. നിശ്ചിത സമയത്തെ വൈദ്യുതി നിയന്ത്രണത്തെച്ചൊല്ലി പരാതികൾ നിലനിൽക്കുന്നതിനിടെയായിരുന്നു സംഭവം. ഫ്യൂസ് ഊരിയതോടെ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
കെ.എസ്.ഇ.ബി. ഏഴിക്കര സെക്ഷൻ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഫ്യൂസ് ഊരിയ ആളെ തിരിച്ചറിഞ്ഞത്. സംഭവത്തിന് ഒരു വീട്ടമ്മയും ദൃക്സാക്ഷിയായിരുന്നു. ഫ്യൂസ് ഊരി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ആൾ സി.പി.എം. പ്രവർത്തകനാണെന്ന് കോൺഗ്രസും ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് സി.പി.എമ്മും പരസ്പരം ആരോപിച്ചിരുന്നു.
ആദ്യ എഫ്.ഐ.ആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടെ വിഷ്ണു കേരളം വിട്ടിരുന്നു. ഏഴിക്കര സെക്ഷന്റെ പരിധിയിലുള്ള ചാകാത്തറ, ആവൂട്ടി പ്രദേശങ്ങളിലും സമാനമായ രീതിയിൽ ട്രാൻസ്ഫോർമറുകളിൽനിന്ന് ഫ്യൂസുകൾ ഊരിമാറ്റിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.




