മലപ്പുറം: വനമേഖലയിൽ മഴ ശക്തമായി തുടരുന്നതോടെ കരുവാരക്കുണ്ട്, കൽക്കുണ്ട്, തരിശ് മേഖലകളിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായി. തുടർച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും താമസിക്കുന്നവരിൽ ആശങ്ക വർധിപ്പിച്ചു.
തരിശ്മാമ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകിയതോടെ ഇതുവഴിയുള്ള യാത്രയും അപകടസാധ്യതയിലായി. ഒലിപ്പുഴയിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെ ശക്തമായ ഒഴുക്കുണ്ടായിരുന്ന പുഴകളിൽ തിങ്കളാഴ്ചയും വെള്ളത്തിന്റെ അളവ് വർധിച്ചു. കൽക്കുണ്ട് മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.
സാധാരണ ജനവാസ മേഖലകളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ വനമേഖലയിൽ പെയ്യുന്നതാണ് പുഴകളിലും തോടുകളിലും പെട്ടെന്ന് ജലനിരപ്പ് ഉയരാൻ കാരണമാകുന്നത്. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മലവെള്ളപ്പാച്ചിൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ പുഴകളിലും തോടുകളിലും ഇറങ്ങുന്നതും ഒഴുക്കുള്ള വെള്ളത്തിലൂടെ കടന്നുപോകുന്നതും ഒഴിവാക്കണം. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ കേരളാംകുണ്ട് ഉൾപ്പെടെയുള്ള സാഹസിക വിനോദസഞ്ചാര മേഖലകളിലും ജാഗ്രത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴ ശക്തമായ സമയങ്ങളിൽ ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരുടെ വരവ് നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടപ്പെടുന്നു.
മലവെള്ളപ്പാച്ചിൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ബന്ധുവീടുകളിലേക്കോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



