തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ആശങ്ക ധനവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർ പങ്കുവെച്ചതിന്റെ രേഖകൾ പുറത്ത്. ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രബീന്ദ്ര കുമാർ അഗർവാൾ ഫയലിൽ രേഖപ്പെടുത്തിയ മുന്നറിയിപ്പുകളാണ് പുറത്തുവന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ രേഖകൾ പുറത്തുവിട്ടത്.
കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യത ഉണ്ടാക്കുമെന്നും അഗർവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചെലവ് കുറച്ചില്ലെങ്കിൽ ഗുരുതരമായ ധനപ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഫയലിൽ കുറിച്ചു.
2023 ഒക്ടോബർ 25ന് രേഖപ്പെടുത്തിയ കുറിപ്പിലാണ് അഗർവാൾ തന്റെ ആശങ്കകൾ വ്യക്തമാക്കിയത്. കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ കടമെടുപ്പ് തുടർന്നാൽ അടുത്ത സാമ്പത്തിക വർഷത്തിലും പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ഇതിന് മുമ്പ് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയും കിഫ്ബിയുടെ കടമെടുപ്പിനെതിരെ ആശങ്ക അറിയിച്ചിരുന്നു. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും പലിശച്ചെലവ് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2023 ജൂൺ ആറിന് നടന്ന യോഗത്തിലും കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ആശങ്ക സിൻഹ പങ്കുവെച്ചിരുന്നു. എന്നാൽ, ഈ മുന്നറിയിപ്പുകൾക്കിടയിലും കടമെടുപ്പുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ ആശങ്കകൾ രേഖപ്പെടുത്തിയതോടെ വിഷയത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.




