തിരുവനന്തപുരം: തൃശ്ശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറി. എട്ട് മാസമായിട്ടും റിപ്പോർട്ട് കൈമാറിയില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി കൈമാറും.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് കേസിലെ പ്രതികൾ. സർക്കാർ അനുമതി ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൃശ്ശൂർ പൂരം അട്ടിമറിച്ചതിന് പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തലെന്നാണ് റിപ്പോർട്ട്. പ്രതിപ്പട്ടികയിലുള്ളവർ കോൺഗ്രസ്, സിപിഎം, ബിജെപി എന്നീ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണെന്നും വിവരമുണ്ട്.
അതേസമയം, രാഷ്ട്രീയവും പ്രാദേശികവുമായ സമ്മർദങ്ങൾ കാരണം അന്വേഷണ റിപ്പോർട്ട് വൈകിപ്പിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. അന്വേഷണം മനഃപൂർവം നീട്ടിക്കൊണ്ടുപോകുകയാണെന്ന വിമർശനവും ശക്തമായിരുന്നു. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയതോടെ കേസിൽ തുടർനടപടികൾക്കായി സർക്കാർ അനുമതി ലഭിക്കുമോയെന്നാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്.




