ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ ആദ്യമായി ഔദ്യോഗിക അക്കൗണ്ട് തുടങ്ങി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഇൻസ്റ്റഗ്രാമിലാണ് സോണിയ അക്കൗണ്ട് തുറന്നത്. അക്കൗണ്ട് ആരംഭിച്ച് മണിക്കൂറുകൾക്കകം ആയിരത്തോളം പേരാണ് സോണിയയെ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇതുവരെ സോണിയയുടെ പേജിൽ ഫാൻ പേജുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
അടുത്തമാസം ആദ്യം സോണിയയുടെ ഓർമക്കുറിപ്പുകൾ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ പുറത്തിറങ്ങാനിരിക്കെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. പുസ്തകവുമായി ബന്ധപ്പെട്ട ഒരു റീലാണ് സോണിയ തന്റെ പേജിൽ ആദ്യമായി പങ്കുവച്ചിരിക്കുന്നതും. ഓർമപ്പുസ്തകം സോണിയയ്ക്ക് നൽകുന്നതും സോണിയ ഗാന്ധി പേജുകൾ മറിച്ചുനോക്കുന്നതുമാണ് റീലിലുള്ളത്.




