തിരുവനന്തപുരം: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസിലാണ് മാറ്റങ്ങൾ. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റു ചിലത് വൈകിയോടുകയും ചെയ്യും.
കെഎസ്ആർ ബെംഗളൂരു–എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ് (26651) ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
എറണാകുളം ജങ്ഷൻ–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652) തൃശൂരിൽനിന്നായിരിക്കും ചൊവ്വാഴ്ച സർവീസ് ആരംഭിക്കുക. എറണാകുളം–തൃശൂർ ഭാഗത്തെ സർവീസ് റദ്ദാക്കിയിട്ടുണ്ട്. വൈകിട്ട് 3.20ന് ട്രെയിൻ തൃശൂരിൽനിന്ന് പുറപ്പെടും.
എറണാകുളം ജങ്ഷൻ–ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.55ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടും.
വൈകിയോടുന്ന ട്രെയിനുകൾ:
പരശുറാം എക്സ്പ്രസ് (16649): മംഗളൂരു സെൻട്രൽ–കന്യാകുമാരി സർവീസ് ഒരു മണിക്കൂർ 15 മിനിറ്റ് വൈകും.
നേത്രാവതി എക്സ്പ്രസ് (16346): തിരുവനന്തപുരം സെൻട്രൽ–ലോകമാന്യതിലക് സർവീസ് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.
തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577): 40 മിനിറ്റ് വൈകും.
കളമശ്ശേരിയിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികളാണ് നിയന്ത്രണങ്ങൾക്ക് കാരണം. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് നിർദേശിക്കുന്നു.




