പശ്ചിമഘട്ട മലനിരകളിലെ നീലഗിരിക്കുന്നുകളിൽ പരന്നുകിടക്കുന്ന 745 ചതുരശ്ര കിലോമീറ്റർ വന–കാർഷിക മേഖല. അട്ടപ്പാടി എന്ന ഭൂപ്രദേശം ആദിവാസികളുടെ ലോകമാണ്. ഇന്ന് അവിടെനിന്ന് ഉയരുന്നത് വിലാപങ്ങളാണ്. കേരളം ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് അവകാശപ്പെടുമ്പോഴും അട്ടപ്പാടിയിൽ ഒരാഴ്ചക്കിടെ മൂന്നു നവജാതശിശുമരണം. ഇൗ മാസം അഞ്ചും. കഴിഞ്ഞ നാലുമാസത്തെ കണക്കെടുത്താൽ ശിശുമരണസംഖ്യ 10. എന്തേ അവരുടെ വേദന ഇൗ സർക്കാർ കാണാത്തത്. അട്ടപ്പാടിയിലെ കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ടാണ് മതിയായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ കഴിയാത്തത്?കഴിഞ്ഞ നാലുമാസത്തിനിടെ അട്ടപ്പാടിയിൽ പത്തോളം ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോളും, ഓരോ ശിശുമരണവും ആവർത്തിക്കുമ്പോഴും അന്വേഷണങ്ങളും പ്രഖ്യാപനങ്ങളും മാത്രമായി സർക്കാർ ഇടപെടലുകൾ ഒതുങ്ങുകയാണ്.
ഇതോടെ ആദിവാസി മേഖലകളിലെ മാതൃ-ശിശു ആരോഗ്യസംരക്ഷണം വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്. ഒക്ടോബർ 26-ന് ജനിച്ച് പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതും ആശങ്ക വർധിപ്പിച്ചു. ഗർഭകാല പരിശോധനകളിൽ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണവും കുടുംബം ഉയർത്തിയിട്ടുണ്ട്. കുഞ്ഞിന് ജന്മനാ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പിന്നീട് ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ മരണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വിദഗ്ധ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി.
ഇൗ മാറ്റം വെറും അഞ്ചുമാസംകൊണ്ട് ഉണ്ടായതെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. എന്നാൽ, അതാണ് സത്യം. വി ഡി സതീശൻ അധികാരത്തിൽ എത്തിയതിന് ശേഷം ജീവനക്കാരെ സ്ഥലംമാറ്റി. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരാണ് ഉന്നതികളിൽ ചെന്ന് ഗർഭിണികളുടെയുംമറ്റും ആരോഗ്യസ്ഥിതി മനസ്സിലാക്കി ചികിത്സയ്ക്ക് നിർദേശം നൽകുന്നത്. നാലുമാസമായി ഇവരാരും ഉന്നതികളിൽ എത്താറില്ല. അതോടെ ഗർഭിണികൾ, നവജാതശിശുക്കൾ, കുട്ടികൾ എന്നിവരുടെ ആരോഗ്യവിവരം അറിയാൻ കഴിയാതായി. ആംബുലൻസിൽ സജ്ജമാക്കിയ മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ, ആരോഗ്യവകുപ്പിന്റെ ജീപ്പിൽ സജ്ജമാക്കിയ ലാബ് എന്നിവയുടെ ഓട്ടവും നിലച്ചു.
ഫണ്ടില്ലെന്ന കാരണത്താൽ ഒന്നരമാസംമുതൽ മൂന്നുവയസ്സുവരെയുള്ള കുട്ടികൾക്ക് മാസം നൽകിയിരുന്ന 2000 രൂപ സഹായവും നിലച്ചു. അട്ടപ്പാടി താലൂക്കിലെ മൂന്നു പഞ്ചായത്തുകളിൽ രണ്ടെണ്ണം യുഡിഎഫും ഒരെണ്ണം ബിജെപിയും ഭരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തും യുഡിഎഫാണ്. ഇൗ ഭരണസമിതികൾ ഒന്നുംതന്നെ ശിശുമരണം കണ്ടഭാവം നടിച്ചിട്ടില്ല. അതുമാത്രമല്ല,പാലക്കാട് രണ്ടു മന്ത്രിമാരുള്ള ജില്ലയാണ്. പട്ടികജാതി–വർഗ ക്ഷേമ മന്ത്രി കെ എ തുളസി, അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ. പാലക്കാട് എംപിയും മന്ത്രി തുളസിയുടെ ഭർത്താവുമായ വി കെ ശ്രീകണ്ഠനും ഇവിടെത്തന്നെയാണ്. എംപിയാകട്ടെ, അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന നിലപാടിലുമാണ്. മന്ത്രിമാരാരും ഒരക്ഷരം മിണ്ടിട്ടുമില്ല.
2013കാലത്തെ അനുസ്മരിപ്പിക്കുന്ന ഗുരുതരസ്ഥിതിയാണ് ഇന്ന് അട്ടപ്പാടിയിലുള്ളത്. 2012–13 വർഷത്തിൽമാത്രം 64 ശിശുമരണമാണ് അട്ടപ്പാടിയിലുണ്ടായത്. ശിശുമരണം കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് പാലക്കാട് എംപിയായിരുന്ന എം ബി രാജേഷ് നിരാഹാരസത്യഗ്രഹമിരുന്നത് വലിയ വാർത്തയായി. അതിനുശേഷമാണ് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ അട്ടപ്പാടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ ആദ്യമായി സന്ദർശിച്ചത് അട്ടപാടിയായിരുന്നു. അന്ന് നോഡൽ ഓഫീസറെ നിയമിച്ച് എല്ലാ വകുപ്പുകളുടെയും അവലോകനം മാസംതോറും നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യസ്ഥിതി വിലയിരുത്താനുള്ള ഏകോപന സമിതി 2023-നുശേഷം യോഗം ചേർന്നിട്ടില്ലെന്നാണ് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി കെ.എ. തുളസി ആരോപിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കൽ നടത്തേണ്ട അവലോകന യോഗങ്ങളും നടന്നില്ലെന്നാണ് മന്ത്രിയുടെ ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്ത് അട്ടപ്പാടിയിൽ 174 കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിച്ചിരുന്നുവെന്നും ഇപ്പോൾ അവയുടെ എണ്ണം 28 ആയി കുറഞ്ഞുവെന്നും മന്ത്രി അവകാശപ്പെടുന്നു.
എന്നാൽ, അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ ഉത്തരവാദിത്തം നിലവിലെ യുഡിഎഫ് സർക്കാരിനാണെന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം. കമ്മ്യൂണിറ്റി കിച്ചണുകൾ പുനഃസ്ഥാപിക്കണമെന്നും നവജാത ശിശുക്കൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും അട്ടപ്പാടിയിലെ ഊരുകളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ സേവനം പുനഃസ്ഥാപിക്കണമെന്നും മുൻ മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു. ആവശ്യത്തിന് ഡോക്ടർമാരെയും മരുന്നുകളെയും ഉറപ്പാക്കണമെന്നും അങ്കണവാടികളിലൂടെ പോഷകാഹാരം വിതരണം ചെയ്യണമെന്നുമുള്ള ആവശ്യങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്.
ഇതിനിടെ ആരോഗ്യവകുപ്പ് വിദഗ്ധ സംഘത്തെ അട്ടപ്പാടിയിലേക്ക് അയച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംഘങ്ങൾ ഊരുകൾ, ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും. ഗർഭിണികളുടെയും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആരോഗ്യസ്ഥിതി നേരിട്ട് പരിശോധിക്കുകയും 2026-ൽ റിപ്പോർട്ട് ചെയ്ത നവജാത ശിശു മരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മരണങ്ങളും വിശദമായി ഓഡിറ്റ് ചെയ്യുകയും ചെയ്യും. ഒരാഴ്ചയ്ക്കുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
ആരോഗ്യമന്ത്രി കെ മുരളീധരനും ശനിയാഴ്ച അട്ടപ്പാടിയിൽ സന്ദർശനം നടത്തിയിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെയും അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെയും സൗകര്യങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. കുട്ടികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ പീഡിയാട്രിക് ആംബുലൻസ് ഏർപ്പെടുത്തും. ആശുപത്രിയിലെ നിയോനാറ്റൽ പീഡിയാട്രി വിഭാഗം വിപുലീകരിക്കും. ഊരുകളിലെത്തുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗർഭിണികൾക്കും അമ്മമാർക്കും സഹായം നൽകുന്ന ജനനി ജന്മരക്ഷ പദ്ധതിയിൽ പണത്തിന് പകരം പോഷകാഹാരം നൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായെന്നും കുടിശ്ശിക തുക ഉടൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഒരു സർക്കാരിന്റെ കാലത്തെ മാത്രം കണക്കുകളാക്കി മാറ്റാനാവില്ല. മുൻ സർക്കാരുകളുടെ പ്രവർത്തനങ്ങളും നിലവിലെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും ഒരുപോലെ പരിശോധിക്കപ്പെടണം. ഓരോ മരണത്തിന്റെയും സാഹചര്യം സ്വതന്ത്രമായി അന്വേഷിക്കണം. വീഴ്ചകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകണം. അതോടൊപ്പം പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയും വേണം. വികസനത്തിന്റെ കണക്കുകളിൽ അട്ടപ്പാടിയെ ഉൾപ്പെടുത്തുന്നതിനൊപ്പം അവിടുത്തെ ഓരോ അമ്മയ്ക്കും സുരക്ഷിതമായ മാതൃത്വവും ഓരോ കുഞ്ഞിനും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കാൻ കഴിയണം. അന്വേഷണ റിപ്പോർട്ടുകൾ ഫയലുകളിൽ ഒതുങ്ങാതെ ഊരുകളിലെ ജീവിതത്തിൽ മാറ്റമുണ്ടാക്കണം. കാരണം അട്ടപ്പാടിക്ക് ഇനി വേണ്ടത് മരണങ്ങൾക്ക് ശേഷമുള്ള സന്ദർശനങ്ങളോ പ്രഖ്യാപനങ്ങളോ അല്ല; മരണങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ ആരോഗ്യസംരക്ഷണ സംവിധാനമാണ്.




