ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാകും. ഓക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് ആദ്യ മത്സരം. ഇന്ത്യൻ സമയം രാവിലെ 7.30ന് ആരംഭിക്കുന്ന മത്സരം സോണി സ്പോർട്സ് നെറ്റ്‌വർക്കിലും സോണി ലിവിലും തത്സമയം കാണാം.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുക. ഈ മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾക്കായി ഗില്ലിന് അവസാന രണ്ട് ഏകദിനങ്ങളിൽ വിശ്രമം അനുവദിക്കും. പകരം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീമിനെ നയിക്കും.
ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബാറ്റിങ് ഓർഡറിനെക്കുറിച്ച് ഗിൽ വ്യക്തത വരുത്തി. ആദ്യ നാല് സ്ഥാനങ്ങളിൽ താൻ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ തന്നെയായിരിക്കും ഇറങ്ങുകയെന്ന് ഗിൽ വ്യക്തമാക്കി.
എന്നാൽ അഞ്ചും ആറും സ്ഥാനങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും താരം പറഞ്ഞു. ആദ്യ നാല് ബാറ്റർമാരും വലംകൈയൻമാരായതിനാൽ ഇടംകൈയൻ ബാറ്ററുടെ ആവശ്യം വരുമ്പോൾ അക്സർ പട്ടേലിനെ ആ സ്ഥാനങ്ങളിൽ ഇറക്കാനാണ് ടീം ആലോചിക്കുന്നത്.
അതേസമയം, കെ.എൽ. രാഹുലിനും അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യാൻ അവസരം നൽകും. മത്സരത്തിന്റെ സാഹചര്യം പരിഗണിച്ച് മധ്യനിരയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ഗിൽ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചുകാലമായി തന്നെ അലട്ടിയിരുന്ന കഴുത്തിലെ വേദന പൂർണമായും മാറിയെന്നും ഗിൽ അറിയിച്ചു. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. ഒന്നര മണിക്കൂറോളം ബാറ്റിങ് പരിശീലനവും ഫീൽഡിങ് സെഷനും തടസ്സങ്ങളില്ലാതെ പൂർത്തിയാക്കിയതായും താരം പറഞ്ഞു.
ന്യൂസിലൻഡിലെ മുൻകാല പ്രകടനങ്ങൾ അത്ര മികച്ചതല്ലെങ്കിലും മികച്ച തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ഗിൽ. ഇതിനായി സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരെ എത്തിച്ചാണ് താരം പരിശീലനം നടത്തിയത്.
ടി20 പരമ്പരയ്ക്കിടെ തന്നെ ഓക്‌ലൻഡിലെത്തിയ ഗിൽ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. സ്വന്തം ബാറ്റിങ് മികവ് വീണ്ടെടുക്കുന്നതിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താരം ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ മികച്ച തുടക്കം നേടാനാകും ഇന്ത്യയുടെ ശ്രമം.




