കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ് വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടെന്ന പ്രചാരണം തള്ളി റാങ്ക് ജേതാക്കൾ. ചടങ്ങ് കൃത്യമായി നടന്നെന്നും എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിച്ചെന്നും ഒന്നാം റാങ്ക് ജേതാക്കളായ വിനയ മുരളി, അഭിമന്യു, അഭിഷേക് പി.ആർ എന്നിവർ വ്യക്തമാക്കി. പ്രതിഷേധത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും കോൺഗ്രസ് നേതാക്കളും നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഇവർ ആരോപിച്ചു.
ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ബി.എ. ഇക്കണോമിക്സ് ഒന്നാം റാങ്ക് ജേതാവ് വിനയ മുരളി, പരിപാടി പൂർണമായും വിജയകരമായി നടന്നതായി റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു. പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ് പ്രതിഷേധം ഉണ്ടായത്. എല്ലാ വിദ്യാർത്ഥികളും സന്തോഷത്തോടെ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി മടങ്ങിയെന്നും വിനയ വ്യക്തമാക്കി.
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പോലും കഴിയാത്ത സാഹചര്യം നിലനിൽക്കുമ്പോൾ അതിനെതിരെ മഹാരാജാസിൽ നടന്ന പ്രതിഷേധത്തിന്റെ പ്രാധാന്യമാണ് മനസിലാക്കേണ്ടതെന്നും വിനയ പറഞ്ഞു. മന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതെന്നും ജനപ്രതിനിധികളോട് ചോദ്യം ചോദിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലേയെന്നും അവർ ചോദിച്ചു.
മഹാരാജാസ് കോളേജിന് സമരങ്ങളുടെ വലിയ പാരമ്പര്യമുണ്ടെന്ന് വിനയ ചൂണ്ടിക്കാട്ടി. ലോകത്ത് എന്ത് സംഭവിച്ചാലും പ്രതികരിക്കുന്ന ക്യാമ്പസാണിത്. കെഎസ്‌യു ഉൾപ്പെടെയുള്ള സംഘടനകൾ മുൻകാലങ്ങളിൽ നടത്തിയ പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റോജി എം ജോണിന്റെ വിമർശനത്തിനെതിരായ പ്രതികരണം.
കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ ലൈറ്റുകളുടെ പ്രതീകാത്മക ശവമഞ്ചമാണ് ഒരുക്കിയതെന്നും അതിനെ അപരിഷ്കൃത സമരമെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും വിനയ പറഞ്ഞു.
ബി.എ. ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ അഭിമന്യുവും ബിരുദദാന ചടങ്ങ് തടസപ്പെട്ടെന്ന വാദം നിഷേധിച്ചു. മന്ത്രിയോട് വിദ്യാർത്ഥികൾ ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ചടങ്ങിൽ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ കൃത്യമായി വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
കാലടിയിലെ വിദ്യാർത്ഥികൾ 60 ദിവസത്തിലേറെയായി പുറത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. തങ്ങളെപ്പോലെയുള്ള വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയതെന്നും അഭിമന്യു പറഞ്ഞു.
ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രി വേദി വിട്ടുപോയെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികൾക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചതും പ്രതിഷേധത്തെ തെറ്റായി ചിത്രീകരിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അഭിമന്യു കൂട്ടിച്ചേർത്തു.
ഫിസിക്സ് ഇൻസ്ട്രുമെന്റേഷനിൽ ഒന്നാം റാങ്ക് നേടിയ അഭിഷേക് പി.ആറും ചടങ്ങ് തടസപ്പെട്ടെന്ന പ്രചാരണം പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കി. തനിക്ക് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ ലഭിക്കുന്ന അതേ നീതി കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾക്കും ലഭിക്കണമെന്ന നിലപാടിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികൾക്ക് ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി ചോദ്യങ്ങൾക്ക് അതീതനല്ലെന്നും അഭിഷേക് പ്രതികരിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികളെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നതും സസ്പെൻഡ് ചെയ്തതും വിദ്യാർത്ഥികളെ ഭയപ്പെടുത്താനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച മഹാരാജാസ് കോളേജിൽ ബിരുദദാന ചടങ്ങിനിടെയാണ് വിദ്യാർത്ഥി പ്രതിഷേധമുണ്ടായത്. മന്ത്രി റോജി എം ജോൺ പ്രസംഗിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത വിഷയം ഉന്നയിച്ച് മന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ നഫീസത്തുല്‍ മിസ്രിയയാണ് ആദ്യം ചോദ്യം ഉന്നയിച്ചത്. പിന്നീട് മറുപടി നൽകാമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മന്ത്രി വേദി വിട്ടതോടെ പ്രതിഷേധം ശക്തമായി.
സംഭവത്തിന് പിന്നാലെ പ്രതിഷേധത്തിൽ പങ്കെടുത്ത കോളേജ് യൂണിയൻ ചെയർപേഴ്സൺ പ്രണീൽ, വൈസ് ചെയർപേഴ്സൺ നഫീസത്തുല്‍ മിസ്രിയ എന്നിവരെ പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇതിനെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.




