തിരുവനന്തപുരം: ആസൂത്രണ ബോർഡിൽ വനിതാ അംഗത്തെ ഉടൻ നിയമിക്കണമെന്ന ആവശ്യവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയ മന്ത്രി തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്. ആസൂത്രണ ബോർഡിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്നും നയരൂപീകരണത്തിലും വികസന ആസൂത്രണത്തിലും നിർണായക പങ്കുവഹിക്കുന്ന സമിതിയിൽ ഒരു വനിത പോലുമില്ലെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകുന്ന സംസ്ഥാനത്ത് ആസൂത്രണ ബോർഡിന്റെ ഘടനയിൽ വനിതാ പ്രാതിനിധ്യമില്ലാത്തത് പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതുയുഗ കേരളത്തിന്റെ നിർമാണത്തിലും വികസനത്തിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിനാൽ എത്രയും വേഗം വനിതാ അംഗത്തെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിമാർക്ക് പുറമേ ജി. വിജയരാഘവൻ, ശ്രീധർ രാധാകൃഷ്ണൻ, വരുണ് സന്തോഷ്, ഡോ. പി.പി. ബാലൻ എന്നിവരെയാണ് ആസൂത്രണ ബോർഡിൽ വിദഗ്ധ അംഗങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജെൻഡർ വികസനത്തിന്റെ ചുമതല ജി. വിജയരാഘവനാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം. പുതുതലമുറയുടേതടക്കമുള്ള കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട് വികസന പദ്ധതികൾ ആസൂത്രണം ചെയ്യാൻ വനിതാ അംഗത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്നാണ് ബിന്ദു കൃഷ്ണയുടെ നിലപാട്.
സ്ത്രീശാക്തീകരണവും സമത്വവും സർക്കാർ പ്രധാന വിഷയങ്ങളായി പരിഗണിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ. മഹിളാ കോൺഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ ബിന്ദു കൃഷ്ണ, ബോർഡുകളിലെയും കോർപറേഷനുകളിലെയും പുനഃസംഘടനയിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എല്ലാ ബോർഡുകളിലും കോർപറേഷനുകളിലും മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചിരിക്കുന്നത്.



