തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനെ മറ്റൊരു 17കാരൻ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയുണ്ടെന്ന് തിരുവനന്തപുരം ഡിസിപി ഷഹൻ ഷാ. കേസിൽ മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഒന്നാം പ്രതിയായ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും അദ്ദേഹം അറിയിച്ചു.
അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒന്നാം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ഇയാളെ ഈ മാസം 10 വരെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയതായും ഷഹൻ ഷാ വ്യക്തമാക്കി.
കേസിൽ ശക്തമായ തെളിവുകളുണ്ടെന്നും പ്രായപൂർത്തിയാകാത്തയാളാണെന്ന പരിഗണനയിൽ പ്രതിക്ക് നിയമനടപടികളിൽനിന്ന് രക്ഷപ്പെടാനാകില്ലെന്നും ഡിസിപി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്ക് 18 വയസായെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടാകാമെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഒന്നാം പ്രതിയായ 17കാരന്റെ മുൻ കാമുകിയുടെ ഇപ്പോഴത്തെ സുഹൃത്താണ് കൊല്ലപ്പെട്ട അഭിരാം. പെൺകുട്ടിയും ഒന്നാം പ്രതിയും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. പെൺകുട്ടിയുടെ ഇപ്പോഴത്തെ സുഹൃത്തിനെ തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്തെത്തിക്കാനാണ് പ്രതി അഭിരാമിനെ വിളിച്ചുവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പ്രദേശത്ത് അഭിരാമിനെ എത്തിച്ച് സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ സുഹൃത്ത് എത്താതായതോടെ അഭിരാമും പ്രതിയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. അഭിരാമിനെ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നാണ് ഒന്നാം പ്രതിയുടെ മൊഴി.
സംഘർഷത്തിനിടെ കല്ലുകൊണ്ട് അഭിരാമിന്റെ തലയ്ക്കടിച്ചെന്നും ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. പിന്നീട് മൃതദേഹം ചാക്കിലാക്കി വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഈ മൊഴി പൂർണമായി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കൊലപാതകത്തിൽ മറ്റൊരാൾക്കും പങ്കുണ്ടെന്ന സംശയത്തിൽ നടത്തിയ അന്വേഷണമാണ് ഉമറിലേക്ക് എത്തിയത്.
ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ കാപ്പ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഉമർ. കൊലപാതകത്തിൽ ഉമറിനും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നാം പ്രതിയും ഉമറും ചേർന്നാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാൻ ശ്രമിച്ചതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽക്കെട്ടിയ മൃതദേഹം കരിയിലകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നിലവിൽ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ 17കാരൻ, ഇയാളുടെ കാമുകിയായ പെൺകുട്ടി, ഉമർ എന്നിവർ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലുണ്ട്. ഉമറിന്റെ കാമുകിയെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ച് ഈ പെൺകുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.


