കൊച്ചി: പീഡനക്കേസിൽ പ്രതിയായ കൊച്ചിയിലെ ഡോക്ടർ ജോൺസൺ കെ. വർഗീസിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. യുവനടിയുടെ ബന്ധു നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിൽ പോയതോടെയാണ് നടപടി. പ്രതി വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.
അതിനിടെ, ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. ഏകദേശം 12 യുവതികളുടെ ദൃശ്യങ്ങളാണ് ഫോണിൽ ഉണ്ടായിരുന്നത്. യുവതികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ ഡോക്ടർ ഫോണിൽ പകർത്തി സൂക്ഷിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിൽ ഉൾപ്പെട്ട യുവതികൾ പരാതി നൽകിയാൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
യുവനടിയും സുഹൃത്തായ നടനും ഉൾപ്പെടെ 12 പേർ ചേർന്ന് ഡോക്ടറെ ആക്രമിച്ച് ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെന്ന കേസിലാണ് പുതിയ വഴിത്തിരിവുണ്ടായത്. 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടെന്നായിരുന്നു ഡോക്ടറുടെ പരാതി.
ചികിത്സ നൽകാനെന്ന പേരിൽ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ മർദിക്കുകയും മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡുകൾ എന്നിവ കവർന്നെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവനടിയെയും സുഹൃത്തായ നടനെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ആകെ 12 പ്രതികളാണുള്ളത്.
അതേസമയം, ഡോക്ടർക്കെതിരെ യുവനടിയുടെ ബന്ധുവായ സ്ത്രീയും പീഡനപരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തത്. ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്യാനാണ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് യുവനടിയും മറ്റ് പ്രതികളും പൊലീസിന് നൽകിയ മൊഴി. ദൃശ്യങ്ങൾ നീക്കം ചെയ്യാനായി ഡോക്ടറുടെ ഫോൺ പിടിച്ചുവാങ്ങിയതായും ഇവർ പറഞ്ഞു.
പ്രതികൾ പൊലീസിന് കൈമാറിയ ഫോണുകൾ പരിശോധിച്ചപ്പോഴാണ് മറ്റ് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഹണിട്രാപ്പ്, ബ്ലാക്ക്മെയിലിങ് തുടങ്ങിയ സാധ്യതകളും പൊലീസ് നേരത്തെ പരിശോധിച്ചിരുന്നു.


