കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴിയെടുത്തത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കമ്പനി എംഡിയുടെ മൊഴി രേഖപ്പെടുത്തിയത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകളും ജിഎസ്ടി അടച്ചതിന്റെ രേഖകളും ഹാജരാക്കാൻ വിജിലൻസ് നേരത്തെ നിർദേശം നൽകിയിരുന്നു. വിജിലൻസ് ഉത്തരമേഖലാ എസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ടെൻഡർ നടപടികൾ ഒഴിവാക്കി സ്വകാര്യ കമ്പനിയായ കാർട്ടൺ അലയൻസ് ഇന്ത്യയ്ക്ക് നിർമാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം. ഏകദേശം 12 കോടിയുടെ അനധികൃത ഇടപാട് നടന്നതായും കമ്പനി ദിവ്യയുടെ ബിനാമി സ്ഥാപനമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
കമ്പനിക്ക് വഴിവിട്ട് കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിജിലൻസിന് പരാതി നൽകിയത്. എന്നാൽ അന്ന് ദിവ്യക്കെതിരായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടെ കരാർ നടപടികളുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിലൂടെ പരിശോധിച്ചുവരികയാണ്. കമ്പനിയുടെ എംഡിയുടെ മൊഴിയും രേഖകളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.




