പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം. ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പേർക്കാണ് പത്തനംതിട്ട ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. അന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. കേസിലെ എഫ്ഐആറിൽ പ്രതികളെ കണ്ടാൽ അറിയാമെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
പിന്നീട് സിപിഎം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വീണ്ടും വിവാദമായത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ പൊലീസ് പ്രതിചേർത്തത്.
പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നും അവർ വ്യക്തമാക്കി. സ്റ്റേഷനകത്തോ പുറത്തോ അക്രമം നടത്തിയിട്ടില്ലെന്നും പൊലീസിന്റെ നിർദേശപ്രകാരമുള്ള നടപടികൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും അവർ പറഞ്ഞു.
പ്രതി കിടന്നിരുന്ന സെല്ലിനുള്ളിൽ കയറിയിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കി. സെല്ലിന് പുറത്ത് നിന്ന് ‘സുഖമാണോ ചേട്ടാ’ എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.


