ഫുട്ബോൾ മൈതാനത്തിന് പുറത്തും പുതിയ ഇന്നിങ്സിന് തുടക്കമിട്ട് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബിസിനസ്, സോഷ്യൽ മീഡിയ മേഖലകളിലെ സാന്നിധ്യത്തിന് പിന്നാലെ ടെലിവിഷൻ രംഗത്തേക്കും ചുവടുവെക്കുകയാണ് താരം. തന്റെ ആദ്യ ടെലിവിഷൻ സീരീസായ ‘ഡേ 1s’ (Day 1s) റൊണാൾഡോ പ്രഖ്യാപിച്ചു. സീരീസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും താരം അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് റൊണാൾഡോ പുതിയ പ്രോജക്ടിന്റെ വിവരം ആരാധകരുമായി പങ്കുവെച്ചത്. ബ്രിട്ടീഷ് സംവിധായകനും നിർമാതാവുമായ മാത്യു വോണുമായി സഹകരിച്ചാണ് സീരീസ് ഒരുക്കുന്നത്. ഇരുവരും ചേർന്ന് രൂപീകരിച്ച യു.ആർ. മാർവ് (UR.Marv) സ്റ്റുഡിയോയുടെ ആദ്യ ടെലിവിഷൻ പരമ്പര കൂടിയാണിത്.
മാത്യു വോണിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു റൊണാൾഡോയുടെ പ്രഖ്യാപനം. തന്റെ ആദ്യ ടെലിവിഷൻ സീരീസായ ‘ഡേ 1s’ന്റെ നിർമാണം ആരംഭിച്ചെന്നും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നുമാണ് താരം കുറിച്ചത്.
സീരീസിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും റൊണാൾഡോ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ അഭിനയത്തിലും താരം എത്തുമെന്ന സൂചനകളുണ്ട്. അങ്ങനെയെങ്കിൽ സ്ക്രിപ്റ്റഡ് ടെലിവിഷൻ പരമ്പരയിലെ റൊണാൾഡോയുടെ അരങ്ങേറ്റം കൂടിയായിരിക്കും ‘ഡേ 1s’.
ഫുട്ബോൾ കരിയറിലൂടെ ആഗോളതലത്തിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ റൊണാൾഡോയുടെ പുതിയ നീക്കം വിനോദമേഖലയിലും ശ്രദ്ധ നേടുകയാണ്. സീരീസിന്റെ പ്രമേയം, അഭിനേതാക്കൾ, റിലീസ് തീയതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


