തിരുവനന്തപുരം: മാനവീയം വീഥിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നവംബർ 14ന് ഗായിക പുഷ്പവതിയുടെ പരിപാടി നടത്താൻ ആരും അപേക്ഷ നൽകിയിട്ടില്ലെന്ന് മേയർ വ്യക്തമാക്കി.
‘മാനവീയം വീഥി രജതജൂബിലി ആഘോഷസമിതി’ എന്ന പേരിലാണ് ഓൺലൈനായി അപേക്ഷ ലഭിച്ചത്. എന്നാൽ ഈ സമിതിയിൽ സംസ്ഥാന സർക്കാരിന്റെയോ നഗരസഭയുടെയോ പ്രതിനിധികൾ ആരുമില്ലെന്ന് മേയർ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും നഗരസഭയ്ക്ക് നിയന്ത്രണാവകാശമുള്ളതുമായ മാനവീയം വീഥിയുടെ രജതജൂബിലി ആഘോഷം നടത്തുമ്പോൾ സർക്കാർ, നഗരസഭ പ്രതിനിധികൾ സമിതിയിൽ ഉണ്ടാകേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 11 മാസമായി മേയറായി പ്രവർത്തിക്കുന്ന തനിക്ക് ഇത്തരമൊരു സമിതിയെക്കുറിച്ച് ഇതുവരെ അറിയില്ലെന്നും മേയർ പറഞ്ഞു. ആരെങ്കിലും വന്ന് തങ്ങളാണ് ആഘോഷസമിതിയെന്ന് അവകാശപ്പെട്ടാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
പാളയം മാർക്കറ്റ് ചിലർ കൈയടക്കിയതുപോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് മേയർ ആരോപിച്ചു. ഈ നീക്കം തടയാനാണ് അപേക്ഷ നിരസിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കലാകാരന്മാരെ പരിപാടി നടത്താൻ അനുവദിക്കുന്നില്ലെന്ന തരത്തിൽ പ്രചാരണം നടത്തി മാധ്യമങ്ങളെയും കലാകാരന്മാരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും മേയർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. മാനവീയം വീഥി സ്വകാര്യ സ്വത്താക്കി മാറ്റാനുള്ള നീക്കം എന്തുവന്നാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


