മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ സ്വർണം കടത്തിയ രണ്ട് യാത്രക്കാരും സ്വർണം ഏറ്റുവാങ്ങാനെത്തിയ രണ്ടുപേരും ഉൾപ്പെടെ നാലുപേർ പിടിയിലായി. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
പുലർച്ചെ ഒന്നരയോടെ ദുബായിൽനിന്ന് എത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് ആദ്യം പിടിയിലായത്. ധരിച്ചിരുന്ന ജീൻസ് പാന്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു ഇയാൾ. പാന്റിൽനിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. അൽ അമീനിൽനിന്ന് സ്വർണം ഏറ്റുവാങ്ങാനെത്തിയ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി. ഹാരിസ് (38) എന്നിവരും പിടിയിലായി.
രാവിലെ 8.30ന് റാസൽഖൈമയിൽനിന്ന് എത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനാണ് പിടിയിലായ രണ്ടാമത്തെ യാത്രക്കാരൻ. ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച മൂന്ന് ക്യാപ്സൂളുകളിൽനിന്ന് 790.5 ഗ്രാം സ്വർണമിശ്രിതം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


